News & Views

ഫ്രണ്ട്ലൈൻ ആരോഗ്യപ്രവർത്തകർക്ക് 37 കോടി രൂപയുടെ ബോണസ്: പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിങ്‌സ് സി.ഇ.ഒ ഡോ. ഷംഷീർ വയലിൽ

2030 ഓടെ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റിയാക്കാനും പദ്ധതി

Dhanam News Desk

രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യപ്രവർത്തകർക്ക് 15 മില്യൺ ദിർഹത്തിന്റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് മെനയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്‌സ്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ 8,500 ത്തിലധികം ജീവനക്കാര്‍ പങ്കെടുത്ത ഗ്രൂപ്പിന്റെ വാർഷിക ടൗൺ ഹാൾ യോഗത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.

ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും. അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെയോ അരമാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും. ഡോ. ഷംഷീറിന്റെ പ്രസംഗത്തിനിടെ ലഭിച്ച സർപ്രൈസ് എസ്എംഎസിലൂടെയാണ് ആരോഗ്യപ്രവർത്തകർ സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം അറിയുന്നത്. വൈകാരികമായിരുന്നു പലരുടെയും പ്രതികരണം.

"യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്." ഡോ. ഷംഷീർ പറഞ്ഞു. ബുർജീലിന്റെ വളർച്ചയിൽ യുഎഇ നൽകിയ പിന്തുണയും പ്രചോദനവും അകമഴിഞ്ഞതാണെന്നും ഡോ. ഷംഷീർ പറഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ബുർജീൽ ഹോൾഡിങ്‌സിന് 14,000-ത്തിലധികം ജീവനക്കാരാണുള്ളത്.

ബുർജീൽ ഹോൾഡിങ്‌സിന്റെ അടുത്ത പത്ത് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും സമ്മേളനത്തിൽ ഡോ. ഷംഷീർ വ്യക്തമാക്കി. ചികിത്സാ മികവ്, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, രോഗീ പരിചരണം എന്നിവയിലൂന്നിയുള്ള വളർച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയെ (ബിഎംസി) 2030 ഓടെ നെക്സ്റ്റ് ജനറേഷൻ മെഡിക്കൽ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതിയും ഡോ. ഷംഷീർ അവതരിപ്പിച്ചു.

Burjeel Holdings awards ₹37 crore bonus to 10,000 frontline healthcare workers as part of Burjeel 2.0 vision.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT