Image courtesy: canva (Disclaimer: Consumption of alcohol is injurious to health) 
News & Views

ക്രിസ്മസ് കൊഴുപ്പിക്കാന്‍ വീട്ടില്‍ വൈനുണ്ടാക്കുകയാണോ? ചിലപ്പോള്‍ 'അകത്താകും', ജാമ്യം പോലും കിട്ടില്ല!

കേക്കിനുമുണ്ട് ചട്ടം, ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും

Dhanam News Desk

ക്രിസ്മസ് ആഘോഷം കൊഴുപ്പിക്കാന്‍ വീട്ടില്‍ വൈന്‍ തയാറാക്കുന്നവര്‍ സൂക്ഷിക്കണം. ബ്രേക്ക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ ലൈക്കിനു ഷെയറിനും വേണ്ടി ചിലപ്പോള്‍ വൈനുണ്ടാക്കിയതും പോസ്റ്റ് ചെയ്‌തേക്കും. പിന്നാലെ വരും എക്‌സൈസും പിഴയും തടവുമെല്ലാം. 

ഇത്തരം പേസ്റ്റുകള്‍ മാത്രമല്ല കുടുക്കിലാക്കുന്നത്, കൃത്യമായ ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണവും വിൽപ്പനയും കുറ്റകരമാണ്. സംസ്ഥാനത്തെ അബ്കാരി നിയമത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ക്രിസ്മസ്, ന്യൂഇയര്‍ കാലത്ത് പലരും ഈ പണിക്കിറങ്ങുന്നത്.

പിഴയും തടവും

ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ വൈനുണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം ഒരു ലക്ഷം രൂപ പിഴ മുതല്‍ പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യമില്ലാ കുറ്റവുമാണിത്. പഴങ്ങളും പഞ്ചസാരയുമടക്കമുള്ള വിവിധ ചേരുവകളെ പുളിപ്പിച്ചെടുക്കുമ്പോള്‍ സ്വാഭാവികമായും ആല്‍ക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതിനാല്‍ നോണ്‍ ആല്‍ക്കഹോളിക്ക് വൈന്‍ എന്ന ന്യായമൊന്നും എക്‌സൈസിന്റെയടുത്ത് നടക്കില്ല.

നിര്‍മ്മാണം ലൈസന്‍സോടെ

പഴങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിക്കുന്നതിന് കേരള ചെറുകിട വൈനറി ചട്ടം 2022 പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതിയുണ്ട്. ഈ വീര്യം കുറഞ്ഞ ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അമ്പതിനായിരം രൂപയാണ് ലൈസന്‍സ് ഫീസ്. മൂന്ന് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ഈ ലൈസന്‍സ് ഉള്ളവര്‍ക്ക് കേരളത്തില്‍ ചെറുകിട വൈന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ സാധിക്കും.

കേരള ചെറുകിട വൈനറി ചട്ടം പ്രകാരം ഏത്തപ്പഴം, ചാമ്പയ്ക്ക, കശുമാങ്ങ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, മാങ്ങ, പപ്പായ, മാതളനാരങ്ങ, പേരയ്ക്ക, ജാതി തുടങ്ങിയ പഴവര്‍ഗങ്ങളില്‍ നിന്നും മരച്ചീനീ, കരിമ്പ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളില്‍ നിന്നുമാണ് വൈന്‍ ഉത്പാദനത്തിന് അനുമതിയുള്ളത്. ഇത്തരത്തിലുണ്ടാക്കുന്ന വൈന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമേ വിറ്റഴിക്കാനാകൂ.

കേക്കിലും പിടിവീണേക്കാം

ക്രിസ്മസിന് കേക്കും വീട്ടിലുണ്ടാക്കുന്നവര്‍ ഏറെയാണ്. അനധികൃത കേക്ക് വില്‍പ്പനയും കുറ്റകരമാണ്. 'ഹോം മെയ്ഡ് കേക്ക്' വില്‍പ്പന നടത്തണമെങ്കില്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. രജിസ്ട്രേഷനില്ലാതെ ഭക്ഷ്യവസ്തുക്കളുണ്ടാക്കി വില്‍പ്പന നടത്തിയാല്‍ നിയമനടപടി നേരിടേണ്ടിവരും.

10 ലക്ഷം രൂപ വരെ പിഴചുമത്താവുന്ന കുറ്റമാണിത്. 100 രൂപ മാത്രമാണ് ഒരുവര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ്. നിയമാനുസൃതമായി കേക്ക് നിര്‍മാണവും വില്‍പ്പനയും നടത്തുന്നുന്നതിന് 100 രൂപയടക്കണോ അതോ പത്ത് പേരെ കാണിക്കാന്‍ മാത്രമായി അനധികൃത കേക്ക് വില്‍പ്പന നടത്തി പത്ത് ലക്ഷം രൂപയടക്കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

(Disclaimer: Consumption of alcohol is injurious to health)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT