അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാം. അതിവേഗ ചാര്‍ജിംഗ് സംവിധാനത്തിലൂടെ വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ബി.വൈ.ഡിയെന്ന ചൈനീസ് കമ്പനി. ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്ന സമയം കൊണ്ട് ഇ.വികള്‍ ഫുള്‍ ചാര്‍ജാക്കി യാത്ര തുടരാമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതുവഴി ഇ.വി ഉപയോക്താക്കള്‍ അനുഭവിക്കുന്ന റേഞ്ച് ഉത്കണ്ഠ (Range Anxiety) ഒരു പരിധി വരെ ഇല്ലാതാക്കാമെന്നും കമ്പനി പറയുന്നു. എന്നാല്‍ ബി.വൈ.ഡിയുടെ സൂപ്പര്‍ ഇ പ്ലാറ്റ്‌ഫോം ഇ.വി മേഖലയിലെ ഗെയിം ചെയ്ഞ്ചറാകുമോ? അമിത അളവില്‍ കറന്റ് നല്‍കുന്നത് സുരക്ഷിതമാണോ? ഇന്ത്യക്കാര്‍ക്ക് ഈ ടെക്‌നോളജി എപ്പോള്‍ ലഭിക്കും പരിശോധിക്കാം...
പുതുതായി വികസിപ്പിച്ച ലിക്വിഡ് കൂള്‍ഡ് മെഗാവാട്ട് ഫ്‌ളാഷ് ചാര്‍ജിംഗ് ടെര്‍മിനല്‍ സംവിധാനമാണ് മിന്നല്‍ വേഗത്തില്‍ ചാര്‍ജിംഗ് സാധ്യമാക്കുന്നത്. 1,000 കിലോവാട്ട് വേഗതയില്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയാണിത്. സാക്ഷാല്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലക്ക് പോലും 500 കിലോവാട്ടില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ ആയിട്ടില്ലെന്ന് കൂടി ഓര്‍ക്കണം. ചൈനയിലാകെ 4,000 അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ബി.വൈ.ഡി അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ ബി.വൈ.ഡി തന്നെ വികസിപ്പിച്ച നെക്സ്റ്റ് ജെനറേഷന്‍ ആട്ടോമോട്ടീവ് ഗ്രേഡ് സിലിക്കോണ്‍ കാര്‍ബൈഡ് പവര്‍ ചിപ്പുകളും അതിവേഗ ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 1,500 വോള്‍ട്ട് വോള്‍ട്ടേജ് റേറ്റിംഗുള്ള ഈ ചിപ്പ് വാഹനലോകത്ത് തന്നെ ആദ്യമാണ്. കഴിഞ്ഞ ദിവസം ബി.വൈ.ഡി അവരുടെ ഏറ്റവും പുതിയ ഫാസ്റ്റ് ചാര്‍ജിംഗ് ബാറ്ററിയും അവതരിപ്പിച്ചിരുന്നു. കൂടുതല്‍ അള്‍ട്രാഫാസ്റ്റ് അയണ്‍ ചാനലുകള്‍ നിറഞ്ഞ ബാറ്ററിയുടെ ഇന്റേണല്‍ റെസിസ്റ്റന്‍സ് പകുതിയായി കുറയുമെന്നാണ് കമ്പനി പറയുന്നത്. കൂടുതല്‍ കാലം ബാറ്ററി ഈടുനില്‍ക്കാനും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കാനും ഇതുവഴി കഴിയുമെന്നും ബി.വൈ.ഡി വിശദീകരിക്കുന്നു.
അതേസമയം, ബി.വൈ.ഡിയുടെ പുതിയ സാങ്കേതിക വിദ്യയുടെ സുരക്ഷാ കാര്യത്തില്‍ വിദഗ്ധര്‍ രണ്ടുതട്ടിലാണ്. പഴയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗിന് അനുയോജ്യമാകണമെന്നില്ല. ബാറ്ററിയിലേക്ക് കൂടുതല്‍ അളവില്‍ കറന്റ് നല്‍കുന്നത് ബാറ്ററി ചൂടാകാനും അപകടങ്ങള്‍ക്കും കാരണമായേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 1,000 വോള്‍ട്ട് വരെ കറന്റ് നല്‍കുന്നത് ചിലപ്പോള്‍ വാഹനത്തിന്റെ ബാറ്ററി, മോട്ടോര്‍, എയര്‍ കണ്ടിഷനിംഗ് പോലുള്ള സംവിധാനങ്ങളെ തകരാറിലാക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഇത്രയും ഉയര്‍ന്ന ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഇലക്ട്രിക് ഗ്രിഡിനെ തകരാറിലാക്കുമോ എന്ന സംശയവും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്.
വാര്‍ത്തകളൊക്കെ ഞെട്ടിക്കുന്നതാണെങ്കിലും ഇന്ത്യക്കാര്‍ക്ക് എന്ന് കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം മുതല്‍ എല്ലാവരും ചോദിക്കുന്ന ചോദ്യം. 1,000 കിലോവാട്ട് ചാര്‍ജിംഗ് സ്പീഡ് ചൈനയില്‍ സാധ്യമാണെങ്കിലും ഇന്ത്യയില്‍ അതത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ ഇ.വി ചാര്‍ജിംഗ് രംഗത്തെ ശേഷിക്കുറവാണ് ഇതിനുള്ള പ്രധാന കാരണം. സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സാധാരണ ഹോം ചാര്‍ജിംഗ് സംവിധാനങ്ങള്‍ ശരാശരി 7 കിലോവാട്ട് ശേഷിയുള്ളതാണ്. ചാര്‍ജിംഗിന് ഒരു രാത്രി മുഴുവന്‍ വേണ്ടി വരും. അതായത് ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ശരാശരി 40-50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് സാരം.
ഇനിയുള്ള മറ്റൊരു ഓപ്ഷന്‍ പബ്ലിക് ചാര്‍ജിംഗ് സംവിധാനങ്ങളാണ്. 3ഫേസ് എ.സി ഇന്‍പുട്ടിലുള്ള പബ്ലിക് ഡി.സി ഫാസ്റ്റ് ചാര്‍ജറുകള്‍ക്കും നിലവില്‍ 50 മുതല്‍ 120 കിലോവാട്ട് വരെയാണ് സ്പീഡ്. 2-3 മണിക്കൂര്‍ എടുത്താലേ ഇവിടെയും ഫുള്‍ ചാര്‍ജിംഗ് സാധ്യമാകൂ. അതിവേഗ ചാര്‍ജിംഗ് സാധ്യമാകുന്ന മോഡലുകളും ഇന്ത്യയില്‍ കുറവാണ്. അതുകൊണ്ട് തന്നെ ബി.വൈ.ഡിയുടെ മിന്നല്‍ ചാര്‍ജിംഗ് ഇന്ത്യക്കാര്‍ക്ക് വിദൂര സ്വപ്‌നം മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ സ്വന്തം സാങ്കേതിക വിദ്യ ഇന്ത്യ കണ്ടുപിടിക്കണമെന്നും നിലവില്‍ ഇതിനുള്ള ഗവേഷണങ്ങള്‍ നടക്കുകയാണെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine