BYD
News & Views

അഞ്ചു മിനിട്ട് ചാര്‍ജ് ചെയ്താല്‍ ഓടിക്കാം, 400 കിലോമീറ്റര്‍! ഇ.വിയില്‍ ലോകത്തെ പിന്നിലാക്കി ചൈന, സീന്‍ മാറുകയാണ്

ചൈനയുടെ ബി.വൈ.ഡി പിന്തള്ളിയത് ടെസ്‌ല അടക്കമുള്ള കമ്പനികളെയാണ്

Dhanam News Desk

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്നുള്ളവരെ പിന്തിരിപ്പിക്കുന്ന പ്രധാന കാര്യം ചാര്‍ജിംഗ് പ്രശ്‌നങ്ങളാണ്. ചാര്‍ജിംഗ് വേഗതയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല അടക്കം ലോകത്തിലെ മറ്റു കമ്പനികളെയെല്ലാം പിന്തള്ളിയിരിക്കുകയാണ് ചൈനയുടെ ബി.വൈ.ഡി.

പെട്രോള്‍ അടിക്കുന്ന ലാഘവത്തോടെ അഞ്ചു മിനിട്ടു കൊണ്ട് ഈ കാറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാം. ബി.വൈ.ഡിയുടെ സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം 1,000 കെ.ഡബ്ല്യുവിന്റെ ചാര്‍ജിംഗ് സ്പീഡ് ടെസ്‌ലയുടെ രണ്ടു മടങ്ങാണ്. അഞ്ചു മിനിട്ട് ചാര്‍ജ് ചെയ്താല്‍ 400ല്‍പരം കിലോമീറ്റര്‍ ഓടിക്കാം. 100 കിലോമീറ്റര്‍ ഓടാന്‍ 2.7 സെക്കന്‍ഡ് ചാര്‍ജ് ചെയ്താല്‍ മതി. എന്നുവെച്ചാല്‍, ചാര്‍ജ് ചെയ്യുന്ന ഓരോ സെക്കന്‍ഡിലും ഒരു കിലോമീറ്ററിലധികം പോകാനുള്ള ഊര്‍ജം. 1,100 എച്ച്.പി വണ്ടിയുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 305 കിലോമീറ്റര്‍. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ചൈനയില്‍ ഈ കാറിന് വില 32 ലക്ഷം മുതല്‍ 42 ലക്ഷം വരെ.

ഏപ്രില്‍ ആദ്യം പുറത്തിറങ്ങും

ഈ വണ്ടിയുടെ ഇനത്തില്‍ പെട്ടതൊന്ന് ഇന്ത്യയില്‍ എത്താന്‍ എത്ര വര്‍ഷമെടുക്കും എന്ന ഉത്തരം തല്‍ക്കാലം ഇ.വി ലോകം നല്‍കുന്നില്ല. ചൈനയില്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ബി.വൈ.ഡി. 4,000 പുതിയ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.

ചൈനയുടെ പുതിയ സംവിധാനം ലോകത്തു തന്നെ ഇലക്ട്രിക് വാഹന രംഗത്ത് കളി മാറ്റുകയാണ്. ബി.വൈ.ഡിയുടെ പുതിയ ഹാന്‍ എല്‍-ഇവി, ടാങ് എല്‍-ഇവി എന്നിവയുടെ പ്രീ-സെയില്‍സ് ചൈനയില്‍ ആരംഭിച്ചു. ഏപ്രില്‍ ആദ്യം വാഹനം പുറത്തിറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT