Image : Canva and Byju's 
News & Views

ബിസിനസ് തകര്‍ത്തു, ജീവിതവും! ബൈജു രവീന്ദ്രന്‍ പുതിയ നിയമ പോരാട്ടത്തില്‍, അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് തേടുന്നത് 21,500 കോടി നഷ്ടപരിഹാരം

കേസൊതുക്കാന്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബൈജു രവീന്ദ്രന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് യു.എസ് കോടതിയില്‍ ഗ്ലാസ് ട്രസ്റ്റിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു

Dhanam News Desk

നിക്ഷേപകര്‍ക്കെതിരെ നഷ്ടപരിഹാരക്കേസ് നല്‍കാനൊരുങ്ങി ബൈജൂസ് സ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍ നാഥും. സല്‍പ്പേരിനും ബിസിനസിനും കളങ്കമുണ്ടാക്കിയെന്ന് കാട്ടി യു.എസ് നിക്ഷേപകരായ ഗ്ലാസ് ട്രസ്റ്റിനും മറ്റ് നിക്ഷേപകര്‍ക്കുമെതിരെ 2.5 ബില്യന്‍ ഡോളറിന്റെ (ഏതാണ്ട് 21,500 കോടി രൂപ) നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യും. ഇരുവരുടെയും അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇക്കാര്യത്തില്‍ നിയമനടപടികള്‍ തുടങ്ങുമെന്നും അറിയിപ്പില്‍ പറയുന്നു.

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനും കമ്പനിയുടെ സ്ഥാപകര്‍ക്ക് വ്യക്തിപരമായും നിക്ഷേപകര്‍ വരുത്തിയ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരം തേടാനുള്ള അവകാശം ബൈജുവിനും ഭാര്യ ദിവ്യക്കുമുണ്ട്. ആല്‍ഫ, ഗ്ലാസ് ട്രസ്റ്റ്, അവരുടെ അഭിഭാഷകര്‍ തുടങ്ങിയവര്‍ കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണ്. ബൈജുവിന്റെ സ്ഥാപകര്‍ക്ക് നീതി ലഭിക്കാന്‍ നിയമപരമായ എല്ലാ മാര്‍ഗങ്ങളും തേടാന്‍ അവകാശമുണ്ടെന്നും ബൈജു രവീന്ദ്രന്റെ അഭിഭാഷകര്‍ പറയുന്നു. ഗ്ലാസ് ട്രസ്റ്റിനെതിരെ ഇതിനോടകം നിയമനടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സാമ്പത്തികമായും അല്ലാതെയും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 2.5 ബില്യന്‍ ഡോളര്‍ നല്‍കണമെന്നും ഇവര്‍ പറയുന്നു.

കേസൊതുക്കാന്‍ കൈക്കൂലി

അതേസമയം, തന്റെ കൈവശം പണമൊന്നുമില്ലെന്ന് അവകാശപ്പെടുന്ന ബൈജു രവീന്ദ്രന്‍ കേസൊതുക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി ആരോപണം. യു.എസിലെ ഡെലവേറില്‍ നടക്കുന്ന കേസിലാണ് ഗ്ലാസ് ട്രസ്റ്റിന്റെ അഭിഭാഷകര്‍ ഇക്കാര്യം ഉന്നയിച്ചത്. ബൈജൂസിന്റെ അമേരിക്കന്‍ ഉപകമ്പനിയായ ആല്‍ഫക്ക് 1.2 ബില്യന്‍ ഡോളറിന്റെ ടേം ലോണ്‍ അനുവദിച്ച വിവിധ യു.എസ് കമ്പനികളുടെ പ്രതിനിധീകരിച്ചാണ് ഗ്ലാസ് ട്രസ്റ്റ് കോടതിയെ സമീപിച്ചത്. ബൈജൂസിന് നല്‍കിയ വായ്പയില്‍ 533 മില്യന്‍ ഡോളര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ ബൈജു, ദിവ്യ ഗോകുല്‍ നാഥ്, മുന്‍ കമ്പനി എക്‌സിക്യൂട്ടീവ് അനിത കിഷോര്‍ എന്നിവര്‍ വകമാറ്റിയെന്നാണ് ഇവരുടെ ആരോപണം.

നിഷേധിച്ച് ബൈജു

എന്നാല്‍ കേസൊതുക്കാന്‍ താന്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണം ബൈജു രവീന്ദ്രന്‍ നിഷേധിച്ചു. ഗ്ലാസ് ട്രസ്റ്റിന്റെ അഭിഭാഷകന്‍ രവി ശങ്കര്‍ ഉന്നയിച്ച വാദങ്ങള്‍ അടിസ്ഥാനരഹിതവും തെളിവുകളുടെ അഭാവത്തിലുള്ളതുമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂലമായ വിധി സമ്പാദിക്കാനുള്ള നുണയാണിത്. ഒരു തെളിവുമില്ലാതെ ഏതോ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പല കാര്യങ്ങളും ഈ അഭിഭാഷകനില്‍ നിന്നും നേരത്തെയും ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവമല്ല ഇത്. തെറ്റായ പ്രചാരണങ്ങളില്‍ ഞാന്‍ മടുത്തു. ഇനി നിയമപോരാട്ടമല്ലാതെ മറ്റൊരു വഴിയുമില്ല. തനിക്കൊപ്പം നിന്ന ആയിരങ്ങള്‍ക്ക് വേണ്ടി സത്യം പുറത്തുവരാന്‍ പോരാടുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT