Byjus
News & Views

എക്‌സില്‍ ഹരിശ്രീ കുറിച്ച് ബൈജു രവീന്ദ്രന്‍! 20 വര്‍ഷത്തെ സത്യങ്ങള്‍ തുറന്നു പറയുമെന്ന് പ്രഖ്യാപനം, വ്യവസായ ലോകം ഞെട്ടുമോ?

തന്നെയും കമ്പനിയെയും ചിലര്‍ ചതിച്ചെന്ന് അടുത്തിടെ ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് പ്ലാറ്റ്‌ഫോം ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ സോഷ്യല്‍ മീഡിയയായ എക്‌സില്‍ (X) അക്കൗണ്ടെടുത്തു. കഴിഞ്ഞ 20 വര്‍ഷമായി തനിക്കും തന്റെ കമ്പനിക്കും ചുറ്റും നടന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്ന പ്രഖ്യാപനത്തോടെയാണ് മലയാളിയായ ബൈജുവിന്റെ എക്‌സിലെ അരങ്ങേറ്റം. ''ഒന്നും ഒരിക്കലും തോന്നുന്നത്ര നല്ലതുമല്ല, അല്ലെങ്കില്‍ പറയുന്നത്രയും മോശവുമല്ല. ഇതിനിടയില്‍ എവിടെയോ ആണ് യാഥാര്‍ത്ഥ്യമുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തെക്കുറിച്ച് പറയാനാണ് ഇവിടെ എത്തിയിരിക്കുന്നത്. നല്ല 17 വര്‍ഷങ്ങള്‍, മോശം രണ്ട് വര്‍ഷങ്ങള്‍, ഏറ്റവും മോശമായ ഒരുവര്‍ഷം. മറയൊന്നുമില്ല. സത്യം മാത്രം.''- ബൈജു എക്‌സില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്.

ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥാണ് ബൈജു രവീന്ദ്രന്റെ സോഷ്യല്‍ മീഡിയ പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സോഷ്യല്‍ മീഡിയ പോലുള്ള എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതനാകാന്‍ ഏറെക്കാലമായി ഞാന്‍ ബൈജു രവീന്ദ്രനോട് ഉപദേശിക്കാറുണ്ടെന്ന് ദിവ്യ പറയുന്നു. എന്നാല്‍ കമ്പനി കെട്ടിപ്പടുക്കാനുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാമെന്നും തന്റെ ജോലി ലോകത്തോട് സംസാരിക്കട്ടെ എന്നുമായിരുന്നു ബൈജുവിന്റെ മറുപടി. ഇപ്പോള്‍ അയാള്‍ തന്നെ നേരിട്ട് സംസാരിക്കാന്‍ എത്തിയിരിക്കുന്നുവെന്നും ദിവ്യ ലിങ്ക്ഡ്ഇനില്‍ കുറിച്ചു.

വ്യവസായ ലോകം ഞെട്ടുമോ?

അതേസമയം, ബൈജു രവീന്ദ്രന്റെ തുറന്ന് പറച്ചിലുകള്‍ വ്യവസായ ലോകത്തിന് ഞെട്ടലുണ്ടാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തന്നെയും കമ്പനിയെയും ചിലര്‍ ചതിച്ചെന്നും ശക്തമായി തിരിച്ചുവരുമെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബൈജു രവീന്ദ്രന്‍ ലിങ്ക്ഡ്ഇനിലൂടെ പറഞ്ഞിരുന്നു. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈ, വായ്പ സ്ഥാപനമായ ഗ്ലാസ് ട്രസ്റ്റ്, മുന്‍ ജീവനക്കാരന്‍ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ ബൈജൂസിനെതിരെ രഹസ്യധാരണയുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ബൈജുവിന്റെ ആവശ്യം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇ.വൈ അടക്കമുള്ള കമ്പനികള്‍ നിഷേധിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT