Image courtesy Byju's 
News & Views

ആപ്പിളിലുണ്ട്, പ്ലേ സ്‌റ്റോറില്‍ ഇല്ല! ഗതികേട് തീരാതെ ബൈജൂസ്, ആപ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ കുടിശിക തീര്‍ക്കണം; വക്കീലിന് കൊടുക്കാന്‍ പണമില്ല, അന്നേരമാണ്...

ഒരു കാലത്ത് 22 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.8 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസ് നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയിലായ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ തിരിച്ചടികള്‍ അവസാനിക്കുന്നില്ല. കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്നും ബൈജൂസ് ആപ്പിനെ ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തേത്. പിന്നാലെ കമ്പനിയുടെ വെബ് സൈറ്റ് സേവനങ്ങളും തടസപ്പെട്ടു.

ബൈജൂസ് ആപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ആമസോണ്‍ വെബ് സര്‍വീസിന് (എ.ഡബ്ല്യൂ.എസ്) ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കേണ്ട തുക നല്‍കിയില്ലെന്നാണ് വിവരം. ഇരുകമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു വര്‍ഷമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. നിലവില്‍ ബൈജൂസിന്റെ പ്രവര്‍ത്തനം ഇന്‍സോള്‍വെന്‍സി റെസല്യൂഷന്‍ പ്രൊഫഷണലായ ശൈലേന്ദ്ര അജ്‌മേരയുടെ കീഴിലാണ്. കമ്പനിയുടെ പണമിടപാടുകളും ഇദ്ദേഹത്തിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ശൈലേന്ദ്ര തയ്യാറായിട്ടില്ല.

അതേസമയം, ബൈജൂസ് ആപ്പ് നിലവില്‍ ആപ്പിള്‍ സ്‌റ്റോറില്‍ ലഭ്യമാണ്. മറ്റ് കമ്പനികള്‍ മാനേജ് ചെയ്യുന്ന ബൈജൂസിന്റെ ആപ്പുകള്‍ നിലവിലും പ്രവര്‍ത്തിക്കുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പ്, ബൈജൂസ് എക്‌സാം പ്രെപ്പ് ആപ്പ് എന്നിവ പ്ലേസ്റ്റോറിലും ലഭ്യമാണ്. ഒരു കാലത്ത് 22 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.8 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന ബൈജൂസ് നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്കയിലെ കേസില്‍ അഭിഭാഷകനെ നിയമിക്കാന്‍ പോലും പണമില്ലെന്നാണ് അടുത്തിടെ കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും പറയുന്നത്.

ഭയം വിതച്ച് സ്വപ്‌നം വില്‍ക്കുന്നവര്‍

അതേസമയം, ബൈജൂസ് ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്നും ഡീലിസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ബൈജൂസിന്റെ സെയില്‍സ് സംഘത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് അവകാശപ്പെടുന്ന യുവാവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഇറ്റില്‍ (Reddit) കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയം. ഭയം വിതച്ച് സ്വപ്‌നം കൊയ്യുന്ന വിപണന തന്ത്രമാണ് ബൈജൂസില്‍ നടപ്പാക്കിയിരുന്നതെന്ന് ഇയാള്‍ പറയുന്നു. ബൈജൂസ് ആപ്പില്‍ പഠിക്കാനെത്തുന്ന കുട്ടികളുടെ ഓരോ ചലനങ്ങളും രേഖപ്പെടുത്തുമായിരുന്നു. തങ്ങളുടെ കുട്ടികള്‍ പിന്നിലായി പോകുന്നു എന്ന ഭയം സൃഷ്ടിക്കാന്‍ ഈ വിവരങ്ങള്‍ കൃത്യമായി ഉപയോഗിച്ചിരുന്നതായും ഇയാള്‍ കുറിക്കുന്നു.നിരവധി പേരാണ് ബൈജൂസിനെതിരെ പ്രതികരിച്ച് രംഗത്തെത്തുന്നത്.

Byju’s learning app was delisted from the Google Play Store over unpaid AWS dues, amid ongoing insolvency and financial turmoil.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT