canva, Facebook / Narendra Modi
News & Views

30 ലക്ഷം തൊഴില്‍ അവസരം, ₹4.5 ലക്ഷം കോടിയുടെ നിക്ഷേപം! കപ്പല്‍ നിര്‍മാണത്തില്‍ ₹69,725 കോടിയുടെ കേന്ദ്രപാക്കേജ്, നേട്ടം കൊച്ചിയിലുമെത്തും

സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭക്ഷ്യ-ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും സമുദ്രപാതയില്‍ മേല്‍ക്കൈ നേടാനും പാക്കേജിനാകും

Dhanam News Desk

ഇന്ത്യയുടെ കപ്പല്‍ നിര്‍മാണ ശേഷിയും സമുദ്ര ആവാസ വ്യവസ്ഥയും (Maritime Ecosystem) ശക്തിപ്പെടുത്താന്‍ 69,725 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ രംഗത്തെ തദ്ദേശീയ കമ്പനികളെ ശക്തിപ്പെടുത്തുക, സാമ്പത്തിക സഹായം മെച്ചപ്പെടുത്തുക, നിലവിലുള്ളതും പുതിയതുമായ കപ്പല്‍ നിര്‍മാണ ശാലകളെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക കഴിവുകള്‍ മെച്ചപ്പെടുത്തുക, പുരോഗതിക്ക് വേണ്ടിയുള്ള നയ രൂപവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പാക്കേജ്.

10 വര്‍ഷത്തേക്കാണ് 69,725 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.ഹെവി എഞ്ചിനീയറിംഗിന്റെ മാതാവെന്നാണ് കപ്പല്‍ നിര്‍മാണത്തെ വിളിക്കുന്നത്. കപ്പല്‍ നിര്‍മാണത്തിന്റെ തുടര്‍ച്ചയായി രാജ്യത്ത് പല അനുബന്ധ വ്യവസായങ്ങളും വളരും. നിലവിലുള്ള തൊഴില്‍ അവസരങ്ങളില്‍ 6.4 മടങ്ങ് വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി ഇങ്ങനെ

30 ലക്ഷം തൊഴില്‍ അവസരങ്ങളും 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചത്. കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭക്ഷ്യ-ഊര്‍ജ സുരക്ഷ ഉറപ്പാക്കാനും സമുദ്രപാതയില്‍ മേല്‍ക്കൈ നേടാനും പാക്കേജിനാകും. സമുദ്രവ്യാപാര രംഗത്ത് സ്വയം പര്യാപ്തത നേടാനും രാജ്യത്തിനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. കപ്പല്‍ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കലാണ് ആദ്യഘട്ടം. ഇതിനായി നല്‍കി വരുന്ന 24,736 കോടി രൂപയുടെ സാമ്പത്തിക സഹായം (SBFAS) 2036 മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തു. കൂടാതെ ഷിപ്പ്‌ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ട് പദ്ധതിക്കായി 4,001 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. പദ്ധതികളുടെ മേല്‍നോട്ടത്തിനായി ദേശീയ ഷിപ്പ്ബില്‍ഡിംഗ് മിഷന്‍ രൂപീകരിക്കും.

മാരിടൈം വികസന ഫണ്ട്

സമുദ്രമേഖലയിലെ വികസനത്തിന് 25,000 കോടി രൂപയുടെ മാരിടൈം ഡവലപ്‌മെന്റ് ഫണ്ടിനും കേന്ദ്രം രൂപം നല്‍കി. ഇതിന് പുറമെ ഷിപ്പ്ബില്‍ഡിംഗ് ഡവലപ്‌മെന്റ് സ്‌കീമിന് കീഴില്‍ 19,989 കോടി രൂപയും വകയിരുത്തി. വാര്‍ഷിക കപ്പല്‍ നിര്‍മാണ ശേഷി 4.5 മില്യന്‍ ഗ്രോസ് ടണ്ണേജിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ ഈ രംഗത്തെ ഉദാരമായ നയങ്ങള്‍ രൂപീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഷിപ്പ് ബില്‍ഡിംഗ് ക്ലസ്റ്ററുകറും ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ കീഴില്‍ ഇന്ത്യ ഷിപ്പ് ടെക്‌നോളജി സെന്റര്‍ രൂപീകരിക്കുക, കപ്പല്‍ നിര്‍മാണ ശാലകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

നേട്ടം കൊച്ചിയിലെത്തും

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ ശാലയായ കൊച്ചി ഷിപ്പ്‌യാര്‍ഡ് അടക്കമുള്ളവക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ 15,000 കോടി രൂപയുടെ കപ്പല്‍ നിര്‍മാണ ശാല സ്ഥാപിക്കാനും കൊച്ചിയില്‍ വമ്പന്‍ കപ്പലുകള്‍ നിര്‍മിക്കാനും കഴിഞ്ഞ ദിവസം കൊച്ചി ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് കരാറൊപ്പിട്ടിരുന്നു.

The Union Cabinet has cleared a ₹69,725 crore package to boost India’s shipbuilding and maritime sector. The initiative aims to strengthen ports, create jobs, enhance exports, and position India as a global shipbuilding hub.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT