പട്ടികജാതി, പട്ടികവർഗ (എസ്.സി, എസ്.ടി) വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ (ക്രീമിലെയർ) വേർതിരിച്ച് സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം കേന്ദ്രസർക്കാർ തള്ളി. ഈ നിർദേശം നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പട്ടിക വിഭാഗങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമുദായങ്ങൾക്ക് ഉദ്യോഗത്തിലും വിദ്യാലയ പ്രവേശനത്തിലും സംവരണത്തിന്റെ മെച്ചം കൂടുതൽ ലഭിക്കാൻ ഒ.ബി.സി സംവരണത്തിലെന്ന പോലെ ക്രീമിലെയർ വ്യവസ്ഥ കൊണ്ടുവരണമെന്ന താൽപര്യമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ഉത്തരവല്ല, നിരീക്ഷണമായിരുന്നു അത്.
‘‘ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥം’’
ക്രീമിലെയർ എന്ന പേരിലുള്ള ഒഴിവാക്കൽ പട്ടിക വിഭാഗങ്ങളിൽ നടപ്പാക്കരുതെന്ന് അഭ്യർഥിച്ച് ബി.ജെ.പിയിലെ എസ്.സി-എസ്.ടി എം.പിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ചില ജഡ്ജിമാരുടെ വെറും പരാമർശം മാത്രമാണിതെന്നും സർക്കാറിനു ബാധകമല്ലെന്നുമുള്ള നിലപാട് പ്രധാനമന്ത്രി അവരോട് പറയുകയും ചെയ്തു. ഇതിനു പിന്നാലെ നടന്ന മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനമാണ് മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചത്. പട്ടിക വിഭാഗങ്ങൾക്കുള്ളിൽ മേൽത്തട്ടുകാരെ നിർണയിക്കാൻ ഭരണഘടനയിൽ വ്യവസ്‍ഥയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ആർ അംബേദ്കർ മുന്നോട്ടുവെച്ച ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആർ ഗവായി, വിക്രംനാഥ്, പങ്കജ് മിത്തൽ, സതീഷ്ചന്ദ്ര ശർമ എന്നീ നാലു ജഡ്ജിമാരാണ് പട്ടിക വിഭാഗത്തിൽ ക്രീമിലെയർ വ്യവസ്ഥ കൊണ്ടുവരണമെന്ന താൽപര്യം ഒരു വിധിപ്രസ്താവത്തിനിടയിൽ പ്രകടിപ്പിച്ചത്. ക്രീമിലെയർ നിർണയിക്കാൻ സർക്കാർ നയം രൂപപ്പെടുത്തണമെന്നും അതുവഴി സംവരണ പരിധിയിൽ നിന്ന് അവരെ ഒഴിവാക്കി യഥാർഥ തുല്യത ആർജിക്കാൻ വഴിയൊരുക്കണമെന്നുമാണ് ജസ്റ്റിസ് ഗവായി നിരീക്ഷിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine