News & Views

'ഇനിയും താങ്ങാനാവില്ല, ഞാൻ പരാജയപ്പെട്ടു,' വി.ജി സിദ്ധാര്‍ത്ഥയുടെ കത്ത് പുറത്ത്

Dhanam News Desk

തിങ്കളാഴ്ച രാത്രിമുതൽ കാണാതായ കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ അവസാനത്തെ കത്ത് പുറത്ത്. കമ്പനി ഡയറക്ടർമാർക്കും ഓഹരിയുടമകൾക്കും ജീവനക്കാർക്കും വേണ്ടി അയച്ചതാണ് ഈ കത്ത്. കര്‍ണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് വി.ജി സിദ്ധാർഥ. ഇന്നലെ രാത്രി മംഗലാപുരത്തുനിന്നും  കേരളത്തിലേക്കുള്ള യാത്രക്കിടെ ഉള്ളാലിൽ വച്ചാണ് സിദ്ധാർഥയെ കാണാതായത്. നേത്രാവതി നദിയിൽ അദ്ദേഹത്തിനായി തിരച്ചിൽ ഊർജ്ജിതമാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കത്തിലെ വാക്കുകൾ ഇങ്ങനെ

ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനും കോഫീ ഡേ കുടുംബത്തിനും,

37 വർഷത്തെ കഠിനാധ്വാനത്തിനു ശേഷവും 30,000 പേർക്ക് നേരിട്ട് ജോലി നൽകിയ ടെക്നോളജി കമ്പനിയിൽ ഒരു വലിയ ഓഹരിയുടമയായിട്ടും, ഒരു ശരിയായ, ലാഭകരമായ ബിസിനസ് മോഡൽ പടുത്തുയർത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

ഞാൻ എന്റെ മുഴുവൻ സമയവും കഴിവും ഇതിനായി ചെലവിട്ടു. എന്നെ വിശ്വസിച്ച ആളുകളെ നിരാശപ്പെടുത്തിയതിൽ ഞാൻ അതിയായി ദുഖിക്കുന്നു. ഞാൻ ഏറെക്കാലം പൊരുതി നോക്കി. എന്നാൽ ഇനിയെനിക്കിതു താങ്ങാനാവില്ല. ഓഹരി തിരിച്ചുവാങ്ങാനായി എന്റെ ഒരു സ്വകാര്യ ഇക്വിറ്റി പാർട്ണറിൽ നിന്നും എനിക്ക് വലിയ സമ്മർദ്ദമുണ്ട്. ഒരു സുഹൃത്തിൽ നിന്നും വലിയ തുക വാങ്ങി ഈ ഇടപാട് ആറു മാസം മുൻപ് ഞാൻ ഭാഗീകമായി പൂർത്തിയാക്കിയിരുന്നു. മറ്റ് ലെൻഡർമാരിൽ നിന്നും വലിയ സമ്മർദ്ദമുണ്ട്. മുൻ ഇൻകം ടാക്സ് ഡിജിയിൽ നിന്നും അസഹ്യമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്.

മൈൻഡ്ട്രീ കരാർ തടസപ്പെടുത്താൻ രണ്ടു തവണയായി ഇദ്ദേഹം ഞങ്ങളുടെ ഷെയറുകൾ അറ്റാച്ച് ചെയ്തിരുന്നു. കോഫീ ഡേ ഷെയറുകളും പിടിച്ചെടുത്തു; റിവൈസ്ഡ് റിട്ടേൺ സമർപ്പിച്ചതിന് ശേഷവും. ഇതു വളരെ മോശമായ കാര്യമായിരുന്നു. ഇതുമൂലം ലിക്വിഡിറ്റി പ്രതിസന്ധി നേരിടേണ്ടി വന്നു. പുതിയ മാനേജ്മെന്റിനൊപ്പം ബിസിനസ് നന്നായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ധൈര്യത്തോടെയിരിക്കണം. എല്ലാ തെറ്റുകൾക്കും ഞാനാണ് ഉത്തരവാദി. എന്റെ ഇടപാടുകളെക്കുറിച്ച് എന്റർ ടീമിനോ, ഓഡിറ്റർമാർക്കോ, സീനിയർ മാനേജ്മെന്റിനോ അറിവില്ലായിരുന്നു. എന്റെ കുടുംബത്തിൽ നിന്നുവരെ ഞാൻ എല്ലാക്കാര്യങ്ങളും മറച്ചുവെച്ചു.

ആരെയും ചതിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു. എന്നെങ്കിലും ഇതു നിങ്ങൾക്ക് മനസിലാകും. എന്നോട് ക്ഷമിക്കണം.

ഞാൻ നമ്മുടെ ഓരോ ആസ്തികളുടെയും അവയുടെ ഏകദേശ മൂല്യത്തിന്റെയും ഒരു പട്ടിക ഇതോടൊപ്പം ചേർക്കുന്നുണ്ട്. നമ്മുടെ ആസ്തിയുടെ മൂല്യം കടത്തിനേക്കാൾ വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതുപയോഗിച്ച് വായ്പകൾ തിരിച്ചടക്കാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT