ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വാങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് ആഡംബര നികുതി ചുമത്തണമെന്ന ആവശ്യവുമായി വ്യാപാരികളുടെ സംഘടന. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന സൈറ്റുകളെ നിരീക്ഷിക്കാനും ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്താനും സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി കൂടിയായ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ നേതൃത്വം നല്‍കുന്ന കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി), ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എ.ഐ.എം.ആര്‍.എ), ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്), ഓര്‍ഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ (ഒ.ആര്‍.എ) തുടങ്ങിയ സംഘടനകളാണ് ആവശ്യത്തിന് പിന്നില്‍. ഇന്ത്യയില്‍ അമേരിക്കന്‍ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിനും വാള്‍മാര്‍ട്ടിനും പൂര്‍ണ പ്രവര്‍ത്തനാധികാരത്തിന് യു.എസ് സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് സംഘടനകളുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.
ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം വാങ്ങുന്ന ഉത്പന്നങ്ങള്‍ അതിവേഗത്തില്‍ ഉപയോക്താവിന്റെ അടുത്തെത്തിക്കുന്നത് ആഡംബരമായി പരിഗണിക്കണമെന്നും നികുതി ഈടാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. നിലവില്‍ 5,12,18,28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് രാജ്യത്ത് ജി.എസ്.ടി ഈടാക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇ-കൊമേഴ്‌സ് കമ്പനികള്‍ വിപണിയില്‍ കൃത്രിമം കാട്ടിയതായും അമിത ലാഭത്തിന് വേണ്ടി ചെറുകിട വ്യാപാരികളെ ബോധപൂര്‍വം നശിപ്പിച്ചതായും രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയെന്നും സംഘടനകള്‍ ആരോപിച്ചു.
ഇ-കൊമേഴ്‌സ് കമ്പനികള്‍ രാജ്യത്തെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലുള്ള കമ്പനികള്‍ നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെന്ന് ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ കൈലാശ് ലഖ്യാനി ആരോപിച്ചു. ചിലരെ ഉപയോഗിച്ച് വിദേശനിക്ഷേപ ചട്ടങ്ങള്‍ മറികടന്ന ഇത്തരം കമ്പനികള്‍ വിതരണ ശൃംഖലയിലെ ഓരോ ഘട്ടവും സ്വന്തം നിയന്ത്രണത്തിലാക്കി. ചെറുകിട കച്ചവടക്കാരെ പെരുവഴിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിന് പകരം ഇത്തരം കമ്പനികള്‍ ചെറുകിട വ്യാപാരികളെ തകര്‍ക്കുകയാണെന്നും പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ആരോപിച്ചു. ഈ കമ്പനികള്‍ക്ക് ഏതാണ്ട് 54,000 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. ഇതിന്റെ 2.5 ശതമാനം പോലും അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു മാര്‍ക്കറ്റ് പ്ലേസ് പോലെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഇന്ത്യന്‍ കമ്പനികളെപ്പോലെ ഇന്‍വെന്ററി സൂക്ഷിക്കാനോ സ്വന്തമായി ഉത്പാദനം നടത്താനോ ഇവര്‍ക്ക് അനുമതിയില്ല. വാങ്ങുന്നയാള്‍ക്കും വില്‍ക്കുന്നയാള്‍ക്കും ഇടയിലെ ഇടനിലക്കാരന്റെ റോള്‍ മാത്രമുള്ള ഇത്തരം സൈറ്റുകള്‍ക്ക് വിലയിലും ഇടപെടാനുള്ള അധികാരമില്ല.
എന്നാല്‍ ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനമെന്നും ഇവര്‍ ആരോപിക്കുന്നു. അവര്‍ മാര്‍ക്കറ്റ്‌പ്ലേസൊന്നുമല്ല, വലിയ ഇന്‍വെന്ററിയോടെ പ്രവര്‍ത്തിക്കുന്ന കമ്പനികളാണെന്നും ഇത് നിരോധിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ബിസിനസ് ലക്ഷ്യങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കരുതുന്ന ഇത്തരം കമ്പനികള്‍ ഇന്ത്യയെ ഒരു ബനാന റിപ്പബ്ലിക്ക് ആക്കുകയാണെന്നും പ്രവീണ്‍ ആരോപിച്ചു.
വിദേശനിക്ഷേപം, ഇ-കൊമേഴ്‌സ് എന്നിവ സംബന്ധിച്ച നയങ്ങളും ഉപയോക്തൃ സംരക്ഷണ നിയമം അനുസരിച്ചുള്ള ഇ-കൊമേഴ്‌സ് ചട്ടങ്ങളും എത്രയും പെട്ടെന്ന് രാജ്യത്ത് നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം, വില, വില്‍പ്പനക്കാരെ തിരഞ്ഞെടുക്കുന്നത് തുടങ്ങിയ വിഷയങ്ങളില്‍ സുതാര്യത വേണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ഒപ്പം ചെറുകിട വ്യാപാരികളെയും ഓഫ്‌ലൈന്‍ വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മേയ് ഒന്ന് മുതല്‍ രാജ്യവ്യാപക ക്യാംപെയിന്‍ നടത്താനും ഇവര്‍ തീരുമാനിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine