www.goa.gov.in 
News & Views

സഞ്ചാരികളുടെ വികൃതികള്‍ അതിരുവിടുന്നു, ഗോവയിലെ ഈ ബീച്ചില്‍ പ്രവേശിക്കാന്‍ ഇനി പണം കൊടുക്കണം

അടുത്ത സീസണ്‍ മുതല്‍ ഗോവയില്‍ വലിയ മാറ്റങ്ങള്‍

Dhanam News Desk

വടക്കന്‍ ഗോവയിലെ കലാന്‍ഗൂട്ട് ബീച്ചില്‍ പ്രവേശിക്കാന്‍ സന്ദര്‍ശകരില്‍ നിന്നും എന്‍ട്രി ഫീസ് വാങ്ങാനൊരുങ്ങി പ്രാദേശിക ഭരണകൂടം. പ്രദേശത്തെ ഏതെങ്കിലും ഹോട്ടലില്‍ റൂം റിസര്‍വ് ചെയ്തവര്‍ക്കും എന്‍ട്രി ഫീസ് നല്‍കുന്നവര്‍ക്കുമായി പ്രവേശനം നിജപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായി. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ബീച്ചുകളില്‍ നിക്ഷേപിച്ച് മടങ്ങുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഇത് സംബന്ധിച്ച പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വില്ലേജ് സര്‍പഞ്ച് ജോസഫ് സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു. അംഗീകാരം ലഭിച്ചാല്‍, ഈ വര്‍ഷത്തെ ടൂറിസം സീസണ്‍ ആരംഭിക്കുന്ന ഒക്ടോബറിന് മുമ്പ് ഇതുസംബന്ധിച്ച തീരുമാനം നടപ്പിലാക്കും. വലിയ വാഹനങ്ങളില്‍ കൂട്ടമായെത്തുന്ന സഞ്ചാരികള്‍ ബീച്ച് വലിയ രീതിയില്‍ മലിനമാക്കി മടങ്ങുന്നത് വ്യാപകമായി ശ്രദ്ധയില്‍പെടുന്നുണ്ട്. കൂടുതല്‍ സഞ്ചാരികളെത്തുന്നത് മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ കൂടിയാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.

വരുന്ന ടൂറിസം സീസണില്‍ ഗോവയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സക്കറിയ പറയുന്നത്. ബീച്ചുകളില്‍ നടക്കുന്ന അനധികൃത കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസിന്റെ കൂടി സഹായത്തോടെ ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് മാറ്റും. ഗോവയിലെ 80 ശതമാനം ഗസ്റ്റ് ഹൗസുകളും പുറത്തുള്ളവര്‍ക്ക് നടത്താനായി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതൊഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

കലാന്‍ഗൂട്ട്

നോര്‍ത്ത് ഗോവയില്‍ ബാഗാ ബീച്ചീനും കാന്‍ഡോലിം ബീച്ചിനും ഇടയിലുള്ള ഏഴ് കിലോമീറ്ററോളം പ്രദേശത്താണ് ബീച്ചുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കലാന്‍ഗൂട്ടുള്ളത്. ലോകത്തിലെ ടോപ്പ് 10 ബാത്തിംഗ് ബീച്ചുകളിലൊന്നു കൂടിയാണിത്. പാരാസെയ്‌ലിംഗ്‌, സര്‍ഫിംഗ്, വാട്ടര്‍ സ്‌കീയിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവുമുണ്ട്. രാത്രി കാലങ്ങളില്‍ മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ക്ലബ്ബുകളും ബാറുകളും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT