വല്ലാത്ത ദുര്‍ഗതിയിലാണ് പാക്കിസ്ഥാന്‍. ദാരിദ്രം മൂലം സര്‍ക്കാരിനെതിരേ നിരന്തരം തെരുവിലിറങ്ങുന്ന ജനത ഒരുവശത്ത്. മറുവശത്താകട്ടെ ഒരുകാലത്ത് സൗഹൃദത്തിലായിരുന്നവര്‍ ശത്രുപക്ഷത്തായുള്ള ആക്രമണവും. ഇതിനൊപ്പം വലിയ തലവേദനയായി സ്വതന്ത്ര ബലൂചിസ്ഥാനായുള്ള പ്രക്ഷോഭങ്ങളും. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബോംബായി നില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഭരണകൂടത്തിന് അല്പകാലത്തേക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അവസരമാണ് ഇന്ത്യയുമായുള്ള സംഘര്‍ഷം.
പഹല്‍ഗാമില്‍ മതം തിരഞ്ഞുപിടിച്ച് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉഭയകക്ഷി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് നിലവിലെ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന് ഒരുകണക്കിന് ഗുണമാണ്. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ ശക്തി ചോര്‍ത്തി കളയാന്‍ ഇതുവഴി സാധിക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ നഗരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ വലിയ പ്രതിഷേധ മാര്‍ച്ചുകള്‍ അരങ്ങേറിയിരുന്നു.
പൊളിഞ്ഞു പാളീസായി നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. രാജ്യത്തിന്റെ കടം കുമിഞ്ഞു കൂടുകയാണ്. വിദേശനാണ്യ ശേഖരം ഏറ്റവും താഴ്ന്ന നിലയിലും. കടം നല്കാന്‍ ചൈനയൊഴികെ മറ്റ് രാജ്യങ്ങളൊന്നും തയാറാകുന്നില്ല. അടുത്ത കാലം വരെ സഹായിച്ച സൗദി അറേബ്യ പോലും ഇപ്പോള്‍ കാര്യമായി ഗൗനിക്കുന്നില്ല. യു.എസില്‍ ജോ ബൈഡന്‍ മാറി ഡൊണള്‍ഡ് ട്രംപ് വന്നതും തിരിച്ചടിയായി. ട്രംപിന് പണ്ടേ പാക്കിസ്ഥാനെ താല്പര്യമില്ല. ഇപ്പോഴും ആ നിലപാടിന് മാറ്റമില്ല.
മുമ്പ് ഇന്ത്യ മാത്രമായിരുന്നു അയല്‍വക്കത്തെ ശത്രുക്കള്‍. ഇപ്പോള്‍ പക്ഷേ കഥമാറി. ഇറാനും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായി നല്ല ബന്ധത്തിലല്ല. ഇതില്‍ അഫ്ഗാനിസ്ഥാനാണ് വലിയ തലവേദന. അടുത്തിടെ പാക് അതിര്‍ത്തിയില്‍ നിരന്തര ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്കെല്ലാം അതേരീതിയില്‍ തിരിച്ചടി നല്‍കുകയാണ് താലിബാന്‍.
അയല്‍രാജ്യങ്ങളില്‍ ചൈനയായിട്ട് മാത്രമാണ് പാക്കിസ്ഥാന് സുസ്ഥിര ബന്ധമുള്ളത്. പാക്കിസ്ഥാന്റെ തന്ത്രപ്രധാന സ്ഥലങ്ങളുടെയെല്ലാം അവകാശം ചൈനയ്ക്ക് പണയംവച്ച നിലയിലുമാണ്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനുമായി വര്‍ഷങ്ങളായി പാക്കിസ്ഥാന് അത്ര നല്ല ബന്ധമല്ല. സുന്നി ഭൂരിപക്ഷ രാജ്യമാണ് പാക്കിസ്ഥാന്‍.
ഈ വര്‍ഷം ജനുവരിയില്‍ പാക്ക് ഭൂപ്രദേശത്ത് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. നിരവധിപേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘങ്ങള്‍ ഇറാന്‍ സൈന്യത്തിനു നേരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇതും ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള പ്രക്ഷോഭങ്ങളാണ് ബലൂചിസ്ഥാനില്‍ നടക്കുന്നത്. അടുത്തിടെയാണ് പാക് ട്രെയിന്‍ തട്ടിയെടുത്ത് ബലൂചിസ്ഥാന്‍ പോരാളികള്‍ പാക് സൈന്യത്തെ വെല്ലുവിളിച്ചത്. ഇന്ത്യയുടെ പരോക്ഷ പിന്തുണ ബലൂചിസ്ഥാനിലെ സ്വാതന്ത്ര പോരാട്ടത്തിനുണ്ടെന്നാണ് പരക്കെ സംസാരം. എന്നാല്‍ ഇന്ത്യ ഒരിക്കല്‍പ്പോലും ഇത് അംഗീകരിച്ചിട്ടില്ല. വരും വര്‍ഷങ്ങളില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും ബലൂചിസ്ഥാന്‍ വലിയ തലവേദനയാകും.
സാര്‍ക് രാജ്യങ്ങളില്‍ ഏറ്റവും ദയനീയാവസ്ഥയിലാണ് പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ. ഐഎംഎഫ് പാക്കിസ്ഥാന്റെ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് 2.5 ശതമാനത്തിലേക്ക് കുറച്ചിരുന്നു. രാജ്യത്ത് വിലക്കയറ്റം പിടിവിട്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായം നിഷേധിക്കാനാകാത്തതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ അഞ്ചുവര്‍ഷത്തോളം ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതും വിദേശ സാമ്പത്തിക സഹായം നേടുന്നതിന് വലിയ തടസമായിരുന്നു. പാക്കിസ്ഥാന്റെ മൊത്തം കടം അതിന്റെ ജിഡിപിയുടെ 70% കവിഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്‍ തിരിച്ചടയ്ക്കേണ്ടത് 22 ബില്യണ്‍ ഡോളറിന്റെ വിദേശ കടങ്ങളാണ്. അതില്‍ ഏകദേശം 13 ബില്യണ്‍ ഡോളറിന്റെ കടം സൗദി അറേബ്യ, ചൈന മുതലായവ രാജ്യങ്ങള്‍ക്ക് കൊടുക്കേണ്ടതാണ്.
സിന്ധുനദി ജലകരാറില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതോടെ പാക് കാര്‍ഷികമേഖലയും വലിയ തിരിച്ചടി നേരിടും. പാക് ജിഡിപിയുടെ വലിയൊരു പങ്ക് കാര്‍ഷികരംഗത്തിന്റെ സംഭാവനയാണ്. ഭാവിയില്‍ നദീജലത്തിന്റെ ലഭ്യത ഇന്ത്യ കുറച്ചാല്‍ പാക്കിസ്ഥാനിലെ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങും. അത് വലിയൊരു തകര്‍ച്ചയിലേക്കാകും പാക്കിസ്ഥാനെ നയിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine