കേരളത്തില്‍ നിന്ന് നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും കാനഡയിലേക്ക് പഠനത്തിനായി പോകുന്നത്. പഠനത്തിനൊപ്പം തന്നെ പാര്‍ട്ട്‌ടൈമായി ജോലി ചെയ്ത് മികച്ച വരുമാനം കണ്ടെത്താമെന്നതാണ് കാനഡയിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി സന്തോഷം പകരുന്ന പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് കനേഡിയന്‍ സര്‍ക്കാര്‍.
മേയ് ഒന്നുമുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാം. 20 മണിക്കൂറായിരുന്നു ഇതുവരെയുണ്ടായിരുന്ന അനുമതി. കൂടുതല്‍ വരുമാനം കണ്ടെത്താന്‍ പുതിയ പരിഷ്‌കരണത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ സാധിക്കും. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലറാണ് പുതിയ നിയമഭേദഗതി പ്രഖ്യാപിച്ചത്.
നിലവില്‍ 17.30 കനേഡിയന്‍ ഡോളര്‍ (1,054 ഇന്ത്യന്‍ രൂപ) ആണ് പാര്‍ട്ട് ടൈം ജോലിക്ക് മണിക്കൂറിന് ലഭിക്കുന്നത്. ആഴ്ചയില്‍ 69.2 കനേഡിയന്‍ ഡോളര്‍ (ഏകദേശം 4,219 ഇന്ത്യന്‍ രൂപ) അധികമായി നേടാന്‍ പുതിയ മാറ്റംവഴി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
വിദേശ വിദ്യാര്‍ത്ഥികളുടെ പഠന, താമസ ചെലവുകള്‍ വര്‍ധിച്ചതാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. പഠനവും ജീവിതവും കൃത്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, പഠനത്തിനായി എത്തിയവര്‍ ജോലിയിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് അനുവദിക്കില്ലെന്നും മന്ത്രി മില്ലര്‍ വ്യക്തമാക്കി. 2022ല്‍ കാനഡയിലെത്തിയ 5.5 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ 2.26 ലക്ഷം പേരും ഇന്ത്യയില്‍ നിന്നാണ്.
പെര്‍മനന്റ് റെസിഡന്റ്‌സ് ഫീസ് വര്‍ധിപ്പിച്ചു
കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷയ്ക്കുള്ള ഫീസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴുമാണ് ഫീസ് പുതുക്കുന്നത്. 515 ഡോളര്‍ (42,994 ഇന്ത്യന്‍ രൂപ) ആയിരുന്നു ഇതുവരെയുള്ള ഫീസ്. ഇനിമുതല്‍ 575 ഡോളര്‍ (48,003 ഇന്ത്യന്‍ രൂപ) നല്‍കണം. ഏപ്രില്‍ 30 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
പി.ആര്‍ ആപ്ലിക്കേഷന്‍ ഫീസ് അടയ്‌ക്കേണ്ടത് ഓണ്‍ലൈന്‍ വഴി ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്. അതേസമയം, കാനഡയിലേക്ക് വരുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 6.2 ശതമാനത്തില്‍ നിന്ന് 2027ഓടെ 5 ശതമാനമായി കുറയ്ക്കും. കാനഡയില്‍ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും.
കാര്‍ഷികം പോലുള്ള ചില മേഖലകളിലൊഴികെ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നത് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കും. നിലവില്‍ അഭയാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 25 ലക്ഷം താല്‍ക്കാലിക താമസക്കാരുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 6.2 ശതമാനം വരും. 2023ല്‍ ഇന്ത്യയില്‍ നിന്ന് 26,495 താല്‍ക്കാലിക തൊഴിലാളികളാണ് കാനഡയിലേക്ക് ചേക്കേറിയത്.
Read DhanamOnline in English
Subscribe to Dhanam Magazine