കാനഡയില്‍ താല്‍ക്കാലിക വിസകളിലും പെര്‍മിറ്റുകളിലും കഴിയുന്ന 2 ലക്ഷത്തോളം പേര്‍ക്ക് 2027 അവസാനത്തോടെ സ്ഥിരതാമസത്തിനുള്ള (Permanent Residency - PR) അനുമതി നല്കാന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സര്‍ക്കാറിന്റെ തീരുമാനം. രാജ്യത്തിന്റെ വാര്‍ഷിക കുടിയേറ്റ ലക്ഷ്യങ്ങള്‍ക്ക് പുറമെ ഒരു പ്രത്യേക ഒറ്റത്തവണ പദ്ധതിയെന്ന നിലയിലാണ് ഈ നീക്കം നടപ്പിലാക്കുന്നത്.
കാനഡയുടെ കുടിയേറ്റ നയമനുസരിച്ച് 2029 വരെയുള്ള വാര്‍ഷിക താത്കാലിക നിവാസികളുടെ ലക്ഷ്യം 3,70,000 ആയും സ്ഥിരതാമസക്കാരുടെ ലക്ഷ്യം 3,80,000 ആയും നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് നിലവില്‍ രാജ്യത്ത് കഴിയുന്ന നിശ്ചിത താത്കാലിക നിവാസികള്‍ക്ക് പിആര്‍ നല്കുന്ന പുതിയ തീരുമാനം.
കോവിഡ് മഹാമാരിക്ക് ശേഷം വിദേശ വിദ്യാര്‍ത്ഥികള്‍ക്കും താത്കാലിക തൊഴിലാളികള്‍ക്കുമുള്ള വിസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതോടെ കാനഡയിലെ നോണ്‍-പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. 2024 ഒക്ടോബറോടെ ഇത് 30 ലക്ഷത്തിനടുത്തെത്തി. 2022-ല്‍ റഷ്യ-ഉക്രെയ്ന് യുദ്ധത്തിന് ശേഷം വലിയൊരു വിഭാഗം ഉക്രേനിയന്‍ അഭയാര്‍ത്ഥികളെയും കാനഡ സ്വീകരിച്ചിരുന്നു.
എന്നാല്‍, പെട്ടെന്നുള്ള കുടിയേറ്റ വര്‍ധന രാജ്യത്തെ പാര്‍പ്പിട മേഖലയിലും ആരോഗ്യ-പൊതുസേവനങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ചതോടെ കാനഡ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങി. നോണ്‍-പെര്‍മനന്റ് നിവാസികളുടെ അനുപാതം രാജ്യത്തെ ആകെ ജനസംഖ്യയുടെ 5 ശതമാനത്തിലേക്ക് അടുത്ത വര്‍ഷത്തോടെ കുറയ്ക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൂലൈ 1 ലെ കണക്കനുസരിച്ച് നോണ്‍-പെര്‍മനന്റ് നിവാസികളുടെ എണ്ണം 28 ലക്ഷമായി (ജനസംഖ്യയുടെ 6.7%) കുറഞ്ഞിട്ടുണ്ട്.
താത്കാലികമായി കഴിയുന്നവരെ സ്ഥിരതാമസക്കാരാക്കാനുള്ള 2 ലക്ഷം പേരുടെ പദ്ധതിയ പ്രതിനിധീകരിക്കുന്നത് രണ്ട് പ്രധാന സ്ട്രീമുകളിലൂടെയായിരിക്കും:
1. വര്‍ക്കര്‍ സ്ട്രീം (Worker Stream): തൊഴില്‍ മേഖലയില്‍ നിന്നുള്ളവരെ പരിഗണിക്കുന്ന ഭാഗം.
2. ഹ്യുമാനിറ്റേറിയന്‍ സ്ട്രീം (Humanitarian Stream): കുടുംബ പുനരേകീകരണത്തിനും മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും പ്രാധാന്യം നല്കുന്ന ഭാഗം.
അതേസമയം, ലിബറല്‍ സര്‍ക്കാറിന്റെ പദ്ധതിക്കെതിരെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫെഡറല്‍ ബജറ്റിന്റെ മറവില്‍ പാര്‍ലമെന്റ് 10 ദിവസത്തേക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇത് അവതരിപ്പിച്ച് ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് ആരോപിച്ചു. രാജ്യത്ത് വീട്, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നത് വരെ കുടിയേറ്റ നിരക്ക് ഗണ്യമായി കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വര്‍ക്കര്‍ സ്ട്രീമിലൂടെ ആവശ്യമായ തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ പ്രൊവിന്‍സുകള്‍ക്ക് (സംസ്ഥാനങ്ങള്‍ക്ക്) സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാദേശിക തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിന് പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (PNP) വഴി കൂടുതല്‍ അധികാരം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമില്‍ (TFWP) ചില ഇളവുകള്‍ വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
* കുറഞ്ഞ വേതനമുള്ള ജോലി അപേക്ഷകള്‍ക്കുള്ള ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) കാലാവധി ഇനി മുതല്‍ 1 വര്‍ഷത്തിന് പകരം 2 വര്‍ഷമായിരിക്കും.
* ഏതെല്ലാം തരം ജോലികളിലേക്ക് താത്കാലിക വിദേശ തൊഴിലാളികളെ എടുക്കാമെന്ന് നിശ്ചയിക്കുന്നതില്‍ പ്രൊവിന്‍സുകള്‍ക്കും പ്രാദേശിക സര്‍ക്കാരുകള്‍ക്കും കൂടുതല്‍ അധികാരം ലഭിക്കും.
* തൊഴിലാളക്ഷാമം നേരിടുന്ന മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ താത്കാലിക തൊഴിലാളികളെ നിയമിക്കാന്‍ അനുമതി നല്‍കാനും ഇതിലൂടെ സാധിക്കും.
കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റിലും ഉന്നത വിദ്യാഭ്യാസത്തിന് ശേഷമുള്ള പോസ്റ്റ് ഗ്രാജുവേഷന് വര്‍ക്ക് പെര്‍മിറ്റിലും (PGWP) തുടരുന്ന ആയിരക്കണക്കിന് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതിയ തീരുമാനം ഏറെ ആശ്വാസകരമായേക്കും. വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഭവിഷ്യത്തുകള്‍ നേരിട്ടിരുന്ന താത്കാലിക കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ തന്നെ തുടരാനും സ്ഥിരതാമസം നേടാനും ഈ 2 ലക്ഷത്തിന്റെ പ്രത്യേക ക്വോട്ട വഴി അവസരമൊരുങ്ങും.
Prime Minister Mark Carney's government announces a one-time initiative to transition up to 200,000 temporary residents to permanent residency by the end of 2027.
Read DhanamOnline in English
Subscribe to Dhanam Magazine