Image by Canva 
News & Views

കാനഡയില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു അവസരം; 33,000 വിദേശ തൊഴിലാളികള്‍ക്ക് പിആര്‍ നല്‍കാന്‍ പുതിയ പദ്ധതി

നിലവില്‍ രാജ്യത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന 'ഇന്‍-കാനഡ' സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

Dhanam News Desk

കാനഡയില്‍ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ കഴിയുന്ന പതിനായിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇമിഗ്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന 33,000 വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള (Permanent Residency - PR) അവസരം നല്‍കുന്ന പ്രത്യേക പ്രോഗ്രാമിനാണ് കനേഡിയന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ മന്ത്രി ലിന മെറ്റ്ലെജ് ദിയാബ് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ലക്ഷ്യം താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കല്‍

കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സമീപകാല സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2025-ല്‍ 2.1 ദശലക്ഷത്തിലധികം താല്‍ക്കാലിക താമസക്കാരുടെ പെര്‍മിറ്റുകള്‍ കാലാവധി അവസാനിച്ചു. കൂടാതെ 2026-ല്‍ മറ്റൊരു 1.9 ദശലക്ഷം പേരുടെ കൂടി താമസാനുമതി കാലാവധി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായ രേഖകളില്ലാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകാന്‍ ഇത് കാരണമായേക്കുമെന്ന ആശങ്ക ഈ കണക്കുകള്‍ ഉയര്‍ത്തുന്നുണ്ട്.

നിലവില്‍ രാജ്യത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന 'ഇന്‍-കാനഡ' സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

2025 അവസാനത്തില്‍ 6.8 ശതമാനമായിരുന്ന കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം, 2027-ഓടെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെയായി കുറയ്ക്കാനുള്ള പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

പദ്ധതിയുടെ പ്രധാന സവിശേഷതകള്‍

നിലവില്‍ കാനഡയില്‍ ജോലി ചെയ്യുന്നവര്‍ക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളികളാകുന്നവര്‍ക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. 2026, 2027 വര്‍ഷങ്ങളിലായിട്ടായിരിക്കും ഈ 33,000 പേര്‍ക്ക് സ്ഥിരതാമസം അനുവദിക്കുക. കൃഷി, ശുശ്രൂഷാ മേഖല (Caregiving), നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടാകും. നഗരങ്ങള്‍ക്ക് പുറത്തുള്ള ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവര്‍ക്കും കനേഡിയന്‍ സമൂഹവുമായി ഇഴുകിച്ചേര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.

പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ പുറത്തുവിടുമെങ്കിലും, അപേക്ഷകര്‍ഭാഷാ വൈദഗ്ധ്യ സര്‍ട്ടിഫിക്കറ്റുകളും (IELTS/CELPIP) വിദ്യാഭ്യാസ രേഖകളും മുന്‍കൂട്ടി തയ്യാറാക്കി വെക്കുന്നത് ഉചിതമായിരിക്കും. വര്‍ക്ക് പെര്‍മിറ്റ് കാലാവധി തീരാറായവര്‍ക്ക് ഈ പദ്ധതി വലിയൊരു അനുഗ്രഹമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, നിലവിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാനഡയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ തീരുമാനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Canada has announced a new immigration program offering permanent residency to 33,000 foreign workers currently employed in the country.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT