News & Views

ബാങ്കുകളെ 3,592 കോടി കബളിപ്പിച്ച കമ്പനിക്ക് എതിരെ സി.ബി.ഐ

Dhanam News Desk

ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിലൂടെ വായ്പയെടുത്ത് 3,592.48 കോടി രൂപ കബളിപ്പിച്ച ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിനും മറ്റ് 14 പേര്‍ക്കും എതിരെ സിബിഐ കേസെടുത്തു. 2019 ജനുവരിയില്‍ തന്നെ ഡയറക്ടര്‍മാര്‍ക്കായി തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കമ്പനി ഡയറക്ടര്‍മാരായ ഉദയ് ജയന്ത് ദേശായി, മകന്‍ സുജയ്, മകള്‍ സഞ്ജന, ഭാര്യ നിലീമ, സുനില്‍ ലാല്‍ ചന്ദ് വര്‍മ്മ, ഭാര്യ റിറ്റ, മക്കളായ നിപുന്‍, സരാല്‍, അനൂപ് കുമാര്‍ ബല്‍ദേവ്രാജ് വധേര, ഭാര്യ പൂനം തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുണ്ട്. ബിസിനസ് നടത്തുകയാണെന്ന വ്യാജേന കൃത്രിമരേഖകള്‍ ഹാജരാക്കിയാണ് വായ്പയെടുത്തത്.

വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കാന്‍പുര്‍ ശാഖ നല്‍കിയ പരാതി പ്രകാരമാണ്  കേസെടുത്തത്. 14 ബാങ്കുകളടങ്ങിയ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയത്. മുംബൈ, ഡല്‍ഹി, കാന്‍പുര്‍ അടക്കം 13 ഇടത്ത് സിബിഐ തിരച്ചില്‍ നടത്തി.

1995 ല്‍ തുടങ്ങിയ സ്ഥാപനം പിറ്റേ വര്‍ഷം മുതല്‍ ബാങ്കുകളുമായി ഇടപാടുകള്‍ നടത്തിവന്നിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍, ധാതുക്കള്‍, ലോഹങ്ങള്‍, പോളിമര്‍, കെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍ എന്നിവയില്‍ കമ്പനി വ്യാപാരം നടത്തിയിരുന്നതായും ബംഗ്ലാദേശ്, ചൈന, ഹോങ്കോംഗ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്, ചൈന, കംബോഡിയ, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്വാന്‍ എന്നിവിടങ്ങളില്‍ വിതരണക്കാരും വാങ്ങലുകാരും ഉണ്ടായിരുന്നതായും അവകാശവാദമുണ്ടെങ്കിലും കയറ്റുമതി നടത്തിയിട്ടില്ലെന്നും അനുബന്ധ സ്ഥാപനങ്ങള്‍ക്കായി പണം തിരിമറി നടത്തിയെന്നും ബാങ്ക് പരിശോധനയില്‍ കണ്ടെത്തി. 2018 മുതലാണ് തിരിച്ചടവ് മുടങ്ങിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT