APAAR ID 
News & Views

ഗള്‍ഫില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ 'അപാര്‍' ഐഡി നിര്‍ബന്ധമാക്കുന്നു; വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്

ഇന്ത്യയില്‍ പുതിയ റജിസ്ട്രി എന്ന് മുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Dhanam News Desk

വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അപാര്‍ ഐഡി (Automated Permanent Academic Account Registry-APAAR) സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി തുടങ്ങി. യുഎഇയില്‍ സി.ബി.എസ്.ഇ സിലബസുള്ള ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുതിയ ഐഡി കാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും വൈകാതെ ഇത് നിര്‍ബന്ധമാകുമെന്നാണ് സൂചന. അതേസമയം, ഇന്ത്യയില്‍ പുതിയ റജിസ്ട്രി എന്ന് മുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

അപാര്‍ എന്തിന്?

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ തിരിച്ചറിയല്‍ രേഖയായാണ് അപാര്‍ കാര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിലവില്‍ വരുന്ന തിരിച്ചറിയല്‍ രേഖയില്‍ 12 അക്ക നമ്പരുകളാണുണ്ടാകുക. ഇതിനായി കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പ്രൈമറി തലം മുതല്‍ ഉന്നത പഠനം വരെയുള്ള വിദ്യാര്‍ത്ഥികളുടെ അക്കാദമിക വിവരങ്ങള്‍ ഈ രേഖയില്‍ അപ്‌ഡേറ്റ് ചെയ്യും. രജിസ്ട്രി നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നതോടെ എല്ലാ വിദ്യാലയങ്ങളിലും ഇതിനുള്ള കാമ്പുകള്‍ നടക്കും.

പ്രവാസികള്‍ നേരിടുന്ന പ്രശ്നം

യുഎഇയിലെ വിദ്യാലയങ്ങളില്‍ അടുത്ത വാര്‍ഷിക പരീക്ഷക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അപാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് സി.ബി.എസ്.ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാണ് എന്നതാണ് രക്ഷിതാക്കളെ വലക്കുന്നത്. ആധാര്‍ കാര്‍ഡില്ലാത്ത കുട്ടികള്‍ക്ക് ആദ്യം അത് എടുക്കുന്നതിന് നാട്ടില്‍ എത്തേണ്ടി വരും. ഇന്ത്യയിലെ ആധാര്‍ സെന്ററുകള്‍ വഴി മാത്രമാണ് ബയോ മെട്രിക് വിവരങ്ങള്‍ നല്‍കാന്‍ സൗകര്യമുള്ളത്.

വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്

സി.ബി.എ.സി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അപാര്‍ ഐഡി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ അടുത്ത വാര്‍ഷിക പരീക്ഷക്ക് മുമ്പായി നാട്ടിലെത്തി ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും. തുടര്‍ന്ന് അപാര്‍ കാര്‍ഡിന് അപേക്ഷിക്കാനാകും. നാട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ സെന്ററുകളിലും പ്രത്യേക സംവിധാനമുണ്ടാകുമെന്നാണ് സൂചന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT