ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo), വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്ത് 'കൃത്രിമമായ സീറ്റ് ക്ഷാമം' (Artificial Scarcity) സൃഷ്ടിച്ചുവെന്ന പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബറിലെ യാത്രാ ക്ലേശങ്ങൾക്കിടയിൽ കമ്പനി ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത് വഴി വിപണിയിൽ സേവനങ്ങൾ ലഭ്യമാക്കാതെ നിയന്ത്രിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഡിസംബർ 3 മുതൽ 5 വരെയുള്ള മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം 2,507 വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇത് രാജ്യത്തുടനീളം ഏകദേശം 3 ലക്ഷത്തിലധികം യാത്രക്കാരെ നേരിട്ട് ബാധിച്ചു. തിരക്കേറിയ സമയത്ത് ഇത്രയധികം സർവീസുകൾ റദ്ദാക്കിയത് വഴി വിപണിയിൽ സീറ്റുകൾക്ക് ക്ഷാമമുണ്ടാക്കാനും അതുവഴി യാത്രക്കാർക്ക് സേവനം നിഷേധിക്കപ്പെടാനും കാരണമായെന്ന് സിസിഐയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത് കോമ്പറ്റീഷൻ ആക്ട് പ്രകാരം വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്.
സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാന നിരക്കില്‍ അമിതമായ വർദ്ധനയാണ് ഉണ്ടായത്. സേവനങ്ങൾ മനഃപൂർവ്വം നിയന്ത്രിച്ചും (withholding capacity) അമിതവില ഈടാക്കിയും കമ്പനി നിയമലംഘനം നടത്തിയോ എന്നാണ് പരിശോധിക്കുന്നത്.
ഇന്ത്യൻ ആഭ്യന്തര വിമാന സർവീസ് വിപണിയുടെ 60-61 ശതമാനം വിഹിതവും ഇൻഡിഗോയുടെ നിയന്ത്രണത്തിലാണ്. ഇത്രയും വലിയ വിപണി സ്വാധീനം ഉള്ളതിനാൽ മറ്റ് വിമാന കമ്പനികളുമായുളള മത്സരങ്ങളെ അവഗണിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇൻഡിഗോക്ക് സാധിക്കുന്നുണ്ടെന്ന് സിസിഐ നിരീക്ഷിച്ചു. വിമാന സർവീസുകൾ റദ്ദാക്കിയതിലൂടെ വിപണിയിൽ ഉണ്ടായ ആഘാതം മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തെ തകർക്കുന്നതാണെന്നും കമ്മീഷൻ വിലയിരുത്തി.
വിഷയത്തിൽ അന്വേഷണം നടത്താൻ സിസിഐ ഡയറക്ടർ ജനറലിന് (DG) നിർദ്ദേശം നൽകി. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (DGCA) നേരത്തെ തന്നെ ഇൻഡിഗോയുടെ വിന്റർ ഷെഡ്യൂൾ ഫെബ്രുവരി 10 വരെ 10 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേസിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ലെന്ന ഇൻഡിഗോയുടെ വാദം സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി സിസിഐ തള്ളി. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കമ്പനിക്കെതിരെയുള്ള കൂടുതൽ നടപടികൾ വ്യക്തമാകും.
CCI orders probe into IndiGo’s alleged artificial seat scarcity and ticket price manipulation during December travel peak.
Read DhanamOnline in English
Subscribe to Dhanam Magazine