കേരളത്തില്‍ സിമന്റ് വിലയില്‍ കുറവ്. റീട്ടെയില്‍ മാര്‍ക്കറ്റില്‍ പാക്കറ്റിന് (ചാക്ക്) മുപ്പത് രൂപ മുതല്‍ അമ്പത് രൂപ വരെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ വില കുതിച്ച സിമന്റിന് ഇപ്പോഴാണ് വിലയിടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വിലയില്‍ പാക്കറ്റിന് അറുപത് രൂപയോളം ഉയര്‍ന്നിരുന്നു.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ എ.സി.സി സിമന്റിന്റെ ഇപ്പോഴത്തെ വില നികുതി ഉള്‍പ്പടെ 350 രൂപയോളം വരും. നേരത്തെ ഇത് 410 രൂപ വരെ ഉയര്‍ന്നിരുന്നു. ചെട്ടിനാട് സിമന്റിന് നാല്‍പത് രൂപയോളമാണ് കുറഞ്ഞിട്ടുള്ളത്. നിലവില്‍ ടാക്സ് ഉള്‍പ്പടെ 325 രൂപയാണ് നിരക്ക്. മറ്റു ബ്രാന്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
മഴക്കാല പ്രതിസന്ധി
ജൂണ്‍ മാസം മുതലുള്ള മഴക്കാലമാണ് കേരളത്തില്‍ സിമന്റ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലുള്ള നിര്‍മാണ ജോലികളും ഇപ്പോള്‍ നടക്കുന്നില്ല. കെട്ടിടങ്ങളുടെ സ്ട്രക്ചര്‍ നിര്‍മാണത്തിനാണ് സിമന്റ് കൂടുതലായി ആവശ്യം വരുന്നത്.
മഴ കാരണം പുതിയ നിര്‍മാണം ആരും തുടങ്ങുന്നില്ല. ഇടിവു വരുന്നത് സിമന്റ്, ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ്. വിലകുറയ്ക്കാന്‍ നിര്‍മാണ കമ്പനികളെ നിര്‍ബന്ധിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. വിലക്കുറവിലൂടെ വില്‍പ്പനക്കുറവ് അതിജീവിക്കാമെന്നും വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.
ഉപയോക്താക്കള്‍ക്ക് നല്ല സമയം
സിമന്റ് വിലയിലെ കുറവ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആശ്വാസമാണ്. കെട്ടിടങ്ങളുടെ ഉള്‍വശങ്ങളിലുള്ള ജോലികള്‍ക്ക് ഈ അവസരം ഗുണകരമാകും. പ്ലാസ്റ്ററിംഗ്, സിമന്റ് ഉപയോഗിച്ചുള്ള ടൈല്‍ വര്‍ക്ക് എന്നിവയില്‍ ഈ അവസരം സാമ്പത്തിക നേട്ടമുണ്ടാക്കും. നൂറുകണക്കിന് ചാക്ക് സിമന്റ് ആവശ്യമുള്ള പ്ലാസ്റ്ററിംഗ് ജോലികള്‍ മഴക്കാലത്തും ചെയ്യാനാകും. ഇതുവഴി ആയിരങ്ങള്‍ ഉപയോക്താവിന് ലാഭിക്കാം. നിര്‍മാണ ജോലികള്‍ കരാറെടുത്തവര്‍ക്കും ഇത് നല്ല കാലമാകും.
മഴക്കാലം കഴിഞ്ഞാല്‍ വില കൂടിയേക്കും
ഓഫ് സീസണ്‍ മൂലമുണ്ടായ വിലക്കുറവ് അധിക നാള്‍ നീണ്ടു നില്‍ക്കണമെന്നില്ല. ഓണം കഴിയുന്നതോടെ വിലയില്‍ വര്‍ധനവിനും സാധ്യതയുണ്ട്. മഴ മാറി നിര്‍മാണ മേഖല വീണ്ടും സജീവമായാല്‍ വില കൂടാനുള്ള സാധ്യത തള്ളിക്കയനാകില്ല. സര്‍ക്കാര്‍ പദ്ധതികളും സജീവമാകും. ഡീലര്‍മാര്‍ സ്റ്റോക്കെടുപ്പ് കൂട്ടുന്നതോടെ വര്‍ധിച്ചു വരുന്ന ഡിമാന്റ് മുന്നില്‍ കണ്ട് വില വര്‍ധിക്കാന്‍ ഇടയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine