You tube Screen Grab
News & Views

കേരളത്തിന്റെ റെയില്‍വേ വിഹിതം ₹3,042 കോടി, വര്‍ധന ₹31 കോടി മാത്രം, പുതിയ പദ്ധതികളില്ല; ഭൂമി ഏറ്റെടുത്തു കൈമാറുന്നതില്‍ മെല്ലെപ്പോക്കെന്ന് മന്ത്രി

200 വന്ദേഭാരത് ട്രെയിനുകള്‍ അടുത്ത 2-3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് മന്ത്രി

Dhanam News Desk

കേരളത്തിലെ റെയില്‍വേ വികസനത്തിന് ബജറ്റില്‍ 3,042 കോടി രൂപ വകയിരുത്തിയെന്ന് റെയില്‍മന്ത്രി അശ്വനി വൈഷ്ണവ്. യു.പി.എ കാലത്ത് പ്രതിവര്‍ഷം 372 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരുന്നത്. അതിനേക്കാള്‍ എട്ടിരട്ടി വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ 35 സ്‌റ്റേഷനുകള്‍ അമൃത് ഭാരത് ആധുനിക രീതിയില്‍ നവീകരിക്കും.കേരളത്തിലൂടെ ഓടുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാര്‍ ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മറുപടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും റെയില്‍വേ സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ചില സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അവഗണന തുടരുകയാണെന്നും മന്ത്രി ആരോപിച്ചു.

വരും 200 വന്ദേഭാരത് ട്രെയിനുകള്‍

അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 അമൃത് ഭാരത്, 50 നമോ ഭാരത്, 200 വന്ദേ ഭാരത് ട്രെയിനുകള്‍ എന്നിവ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ ട്രാക്കിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏതൊക്കെ റൂട്ടുകളിലാണ് ഇവ സര്‍വീസ് നടത്തുകയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല.

പുതിയ പദ്ധതികളില്ല

കേന്ദ്രബജറ്റില്‍ 2.65 ലക്ഷം കോടി രൂപയാണ് ഇക്കൊല്ലവും റെയില്‍വേക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. ഇതില്‍ നിന്നും 3,042 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. യു.പി.എ ഭരണകാലത്തേക്കാള്‍ എട്ടിരട്ടിയാണ് ഇതെന്ന് മന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ലഭിച്ച വിഹിതം കുറവാണെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തിന് വേണ്ടി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചതുമില്ല. കഴിഞ്ഞ ബജറ്റില്‍ 3,011 കോടിയാണ് അനുവദിച്ചിരുന്നത്. ഇക്കൊല്ലത്തെ വര്‍ധന വെറും 31 കോടി രൂപ മാത്രം.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിന് 6,626 കോടി രൂപയും കര്‍ണാടകക്ക് 7,564 കോടി രൂപയുമാണ് കിട്ടിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT