News & Views

യുഎസില്‍ നിന്ന് സ്വര്‍ണശേഖരം മാറ്റി യൂറോപ്യന്‍ രാജ്യങ്ങള്‍; വന്‍ മാറ്റങ്ങളുമായി ലോകത്തെ കേന്ദ്രബാങ്കുകള്‍; റിസര്‍വ് ബാങ്കിന് താല്പര്യം മറ്റൊന്ന്

മുഴുവനായും വിമാനത്തിലോ കപ്പലിലോ സ്വര്‍ണക്കട്ടികള്‍ കൊണ്ടുപോകുന്ന രീതിയിലായിരുന്നില്ല നെതര്‍ലന്‍ഡ്‌സ് പരീക്ഷിച്ചത്

Dhanam News Desk

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഏറുന്ന പശ്ചാത്തലത്തില്‍, കേന്ദ്രബാങ്കുകളുടെ സ്വര്‍ണനയങ്ങളില്‍ വന്‍ പൊളിച്ചെഴുത്തുകള്‍. അമേരിക്കയിലും കാനഡയിലുമായിരുന്ന നെതര്‍ലന്‍ഡ്‌സിന്റെ സ്വര്‍ണം ലണ്ടനിലേക്ക് പറക്കുമ്പോള്‍, ഫ്രാന്‍സ് തന്റെ സ്വര്‍ണശേഖരത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു. മറുവശത്ത്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇന്ത്യയ്ക്കുള്ളിലേക്ക് തന്നെ മാറ്റിക്കഴിഞ്ഞു.

കൂടുതല്‍ രാജ്യങ്ങള്‍ യുഎസില്‍ നിന്ന് സ്വര്‍ണം യൂറോപ്പിലേക്ക് മാറ്റാന്‍ താല്പര്യപ്പെടുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളാണ് ഇത്തരത്തില്‍ സ്വര്‍ണം അവരുടെ ഭൂഖണ്ഡത്തിലേക്ക് കൂടുതലായി കൊണ്ടുപോകുന്നത്. നെതര്‍ലാന്‍ഡ്സ് അമേരിക്കയിലും കാനഡയിലുമായി സൂക്ഷിച്ചിരുന്ന ഏകദേശം 86 ടണ്‍ സ്വര്‍ണം ലണ്ടനിലേക്ക് മാറ്റി. ഫ്രാന്‍സ് ന്യൂയോര്‍ക്കിലുണ്ടായിരുന്ന 129 ടണ്‍ സ്വര്‍ണം വിറ്റ് യൂറോപ്പില്‍ പകരം സ്വര്‍ണം വാങ്ങി. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊത്തം സ്വര്‍ണശേഖരത്തിന്റെ ഏകദേശം 77 ശതമാനവും ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളിലാണ്.

ഈ മാറ്റങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഒരുപോലെയല്ല. പ്രതിസന്ധിക്കാലത്ത് സ്വര്‍ണം എളുപ്പത്തില്‍ ഉപയോഗിക്കാനും വ്യാപാരം നടത്താനുമാണ് നെതര്‍ലാന്‍ഡ്‌സ് ലക്ഷ്യമിടുന്നത്. ഫ്രാന്‍സിന്റെ കാര്യത്തില്‍ സ്വര്‍ണത്തിന്റെ ഗുണനിലവാരമാണ് കാരണം. ഇന്ത്യയില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തിന്റെ അളവ് ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണം ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല.

നെതര്‍ലാന്‍ഡ്സിന്റെ 86 ടണ്‍ ലണ്ടനിലേക്ക്

നെതര്‍ലാന്‍ഡ്സിന്റെ കേന്ദ്രബാങ്കായ De Nederlandsche Bank (DNB) 2026 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ന്യൂയോര്‍ക്കിലും ഒട്ടാവയിലുമായി സൂക്ഷിച്ചിരുന്ന ഏകദേശം 86 ടണ്‍ സ്വര്‍ണം മാറ്റിയത്. ഇതോടെ നെതര്‍ലാന്‍ഡ്സിന്റെ മൊത്തം സ്വര്‍ണശേഖരത്തില്‍ ന്യൂയോര്‍ക്കില്‍ സൂക്ഷിക്കുന്ന വിഹിതം 31.3 ശതമാനത്തില്‍ നിന്ന് 18.5 ശതമാനമായി കുറഞ്ഞു. കാനഡയിലെ വിഹിതം 19.7 ശതമാനത്തില്‍ നിന്ന് 18.5 ശതമാനമായി.

അതേസമയം ലണ്ടനിലുള്ള വിഹിതം 18.1 ശതമാനത്തില്‍ നിന്ന് 32.1 ശതമാനമായി ഉയര്‍ന്നു. ഇതോടെ നെതര്‍ലാന്‍ഡ്സിന്റെ ഏറ്റവും വലിയ വിദേശ സ്വര്‍ണ സൂക്ഷിപ്പുകേന്ദ്രമായി ലണ്ടന്‍ മാറി. സ്വന്തം രാജ്യത്തെ Zeist-se DNB Cash Centreല്‍ 30.8 ശതമാനം സ്വര്‍ണം തുടരുന്നു.

വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടാനുള്ള ശേഷി മെച്ചപ്പെടുത്തുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് DNB വ്യക്തമാക്കുന്നു. ലോകത്തിലെ പ്രധാന സ്വര്‍ണ വ്യാപാര കേന്ദ്രമായ ലണ്ടനില്‍ സൂക്ഷിക്കുന്ന സ്വര്‍ണം അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഉപയോഗിക്കാനാകുമെന്നും ബാങ്ക് പറയുന്നു.

മുഴുവനായും വിമാനത്തിലോ കപ്പലിലോ സ്വര്‍ണക്കട്ടികള്‍ കൊണ്ടുപോകുന്ന രീതിയിലായിരുന്നില്ല നെതര്‍ലാന്‍ഡ്‌സ് പരീക്ഷിച്ചത്. ന്യൂയോര്‍ക്കില്‍ ഏകദേശം 59 ടണ്‍ സ്വര്‍ണം വിറ്റു. അതിന് തുല്യമായ അളവില്‍ അന്താരാഷ്ട്ര വിപണി നിലവാരമുള്ള സ്വര്‍ണം ലണ്ടനില്‍ വാങ്ങി.

ഫ്രാന്‍സിന്റെ കാരണം മറ്റൊന്ന്

ഫ്രാന്‍സും ന്യൂയോര്‍ക്കിലുള്ള സ്വര്‍ണം മാറ്റിയിട്ടുണ്ട്. എന്നാല്‍ നെതര്‍ലാന്‍ഡ്സില്‍ നിന്ന് വ്യത്യസ്തമായ കാരണമാണ് Banque de France പറയുന്നത്. ന്യൂയോര്‍ക്കില്‍ സൂക്ഷിച്ചിരുന്ന 129 ടണ്‍ സ്വര്‍ണം ലണ്ടന്‍ ബുള്യന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA) നിര്‍ദേശിക്കുന്ന 99.99 ശതമാനം ശുദ്ധതാ നിലവാരം പാലിച്ചിരുന്നില്ലെന്ന് ഫ്രഞ്ച് കേന്ദ്രബാങ്ക് വ്യക്തമാക്കി.

സ്വര്‍ണം യൂറോപ്പിലേക്ക് കൊണ്ടുവന്ന് ഉരുക്കി വീണ്ടും കട്ടികളാക്കുന്നതിനു പകരം ന്യൂയോര്‍ക്കിലുള്ള സ്വര്‍ണം വിറ്റശേഷം യൂറോപ്പില്‍ അതേ അളവില്‍ ആവശ്യമായ നിലവാരത്തിലുള്ള സ്വര്‍ണം വാങ്ങുകയാണ് ബാങ്ക് ചെയ്തത്. ഇതുവഴി അസാധാരണ ലാഭവും ഫ്രാന്‍സിനുണ്ടായി.

ഇന്ത്യയുടെ 77 ശതമാനം സ്വര്‍ണവും നാട്ടില്‍

2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശം 880.52 ടണ്‍ സ്വര്‍ണമുണ്ട്. ഇതില്‍ 312.32 ടണ്‍ കറന്‍സി നോട്ടുകളുടെ ഇറക്കലിന് പിന്തുണ നല്‍കുന്ന ആസ്തിയായി ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്നു. ആര്‍ബിഐയുടെ ബാങ്കിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആസ്തിയായി മറ്റൊരു 367.73 ടണ്ണും രാജ്യത്തിനുള്ളിലുണ്ട്. ഇവ ചേര്‍ത്താല്‍ 680.05 ടണ്‍ സ്വര്‍ണം ഇന്ത്യയിലാണ്. അതായത് റിസര്‍വ ബാങ്കിന്റെ മൊത്തം സ്വര്‍ണശേഖരത്തിന്റെ ഏകദേശം 77 ശതമാനം. വിദേശത്ത് സൂക്ഷിക്കുന്നത് 200.47 ടണ്ണാണ്.

2025 മാര്‍ച്ചില്‍ ഇന്ത്യയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് 511.98 ടണ്ണും വിദേശത്തുണ്ടായിരുന്നത് 367.60 ടണ്ണുമായിരുന്നു. ഒരു വര്‍ഷത്തിനിടെ ആഭ്യന്തരമായി സൂക്ഷിക്കുന്ന സ്വര്‍ണത്തില്‍ ഏകദേശം 168 ടണ്ണിന്റെ വര്‍ധനയുണ്ടായി.

എല്ലാം മുന്‍കൂട്ടി കണ്ട് ജര്‍മനി

വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം നാട്ടിലേക്ക് തിരിച്ചെത്തിച്ചതില്‍ ജര്‍മനിയാണ് മുന്‍നിരക്കാര്‍. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ Bundesbank ന്യൂയോര്‍ക്കില്‍ നിന്ന് 300 ടണ്ണും പാരീസില്‍ നിന്ന് 374 ടണ്ണും സ്വര്‍ണം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് മാറ്റിയിരുന്നു. രാജ്യത്തിന്റെ മൊത്തം സ്വര്‍ണശേഖരത്തിന്റെ പകുതി സ്വന്തം രാജ്യത്ത് സൂക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു നടപടി.

ലോകത്തെ കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അതിനൊപ്പം സ്വര്‍ണം എവിടെ സൂക്ഷിക്കണം, എത്രമാത്രം സ്വന്തം രാജ്യത്ത് വേണം, എത്രമാത്രം പ്രധാന ആഗോള വ്യാപാര കേന്ദ്രങ്ങളില്‍ വേണം തുടങ്ങിയ ചോദ്യങ്ങള്‍ക്കും പ്രാധാന്യം വര്‍ധിക്കുകയാണ്.

സ്വര്‍ണം സ്വന്തം രാജ്യത്ത് സൂക്ഷിക്കുന്നത് നേരിട്ടുള്ള നിയന്ത്രണം നല്‍കുമെങ്കിലും ശക്തമായ സുരക്ഷാ സംവിധാനം, വോള്‍ട്ടുകള്‍, ഓഡിറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ ആവശ്യമാണ്. അതേസമയം ലണ്ടന്‍ പോലുള്ള കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നത് വില്പന വേഗത്തിലാക്കാന്‍ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT