News & Views

ഗള്‍ഫ് രാജ്യങ്ങളില്‍ പോലും എണ്ണവില കൂടിയിട്ടും ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ട്? എല്ലാം ആ പ്രതീക്ഷയില്‍

ഇന്ധന വിലയെ ആശ്രയിച്ചാണ് രാജ്യത്ത് വിലക്കയറ്റത്തിന്റെ നില്പ്. പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ വില ഉയരും

Dhanam News Desk

അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെയും യുകെ മുതല്‍ ക്യൂബ വരെയും ഇന്ധനവില കൂടി. എന്നിട്ടും ഇന്ത്യയില്‍ മാത്രം പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമുണ്ടായില്ല. ക്രൂഡ് ഓയില്‍ വില 65 ഡോളറില്‍ നിന്ന് 120 ഡോളര്‍ വരെ കുതിച്ചിട്ടും ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തയാറായില്ല.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതു കൊാണ്ടാണ് വില കൂട്ടാത്തതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഏപ്രില്‍ 29ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്നിട്ട് 10 ദിവസം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

6 മുതല്‍ 10 രൂപ വരെ കൂട്ടണമെന്നാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, കമ്പനികളുടെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂല പ്രതികരണം നടത്തിയിട്ടില്ല.

എണ്ണവില കൂട്ടാത്തതിന് കാരണം?

പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇറാനും അമേരിക്കയും തമ്മില്‍ കരാറിലെത്തുന്നതോടെ പഴയ രീതിയിലേക്ക് ക്രൂഡ്ഓയില്‍ വിപണി മാറും. ഒപെക് കൂട്ടായ്മയില്‍ നിന്ന് യുഎഇ പുറത്തുവന്നതും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് ഒഴുക്കുന്നതിനും യുദ്ധാനന്തര ലോകം സാക്ഷ്യം വഹിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് വില വീണ്ടും 70 ഡോളറില്‍ താഴെയാകും.

ഈയൊരു പ്രതീക്ഷയിലാണ് കേന്ദ്രമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. എണ്ണവില സാധാരണ നിലയിലേക്ക് എത്തിയാല്‍ യുദ്ധകാലത്തെ നഷ്ടം കുറച്ചു മാസങ്ങള്‍ കൊണ്ട് തിരിച്ചുപിടിക്കാന്‍ സാധിക്കും. റിസ്‌കെടുത്ത് കാത്തിരിക്കാന്‍ ഇതും കാരണമായിട്ടുണ്ടാകാം. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളില്‍ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ കുറച്ചിരുന്നില്ല. ഈ കാലഘട്ടത്തിലെ ലാഭം ഇപ്പോള്‍ പ്രതിസന്ധി കാലത്ത് എണ്ണവില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ രാജ്യത്തെ സഹായിക്കുന്നു.

വിപണിക്ക് തിരിച്ചടിയാകും

ഇന്ധന വിലയെ ആശ്രയിച്ചാണ് രാജ്യത്ത് വിലക്കയറ്റത്തിന്റെ നില്പ്. പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ വില ഉയരും. പിന്നീട് ഇന്ധന വില കുറച്ചാല്‍ പോലും കൂടിയവയുടെ വില താഴ്ത്താന്‍ സാധിക്കാതെ വരുന്നു. നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വര്‍ധിക്കുന്നത് സാധാരണക്കാരുടെ രോഷത്തിന് കാരണമാകുമെന്ന ഭയവും കേന്ദ്രത്തിനുണ്ട്. വില കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിന് ഇതും ഒരു കാരണമായേക്കാം.

അന്താരാഷ്ട്ര ക്രൂഡ് വില നിലവാരം

ഇറാനും യുഎസും തമ്മില്‍ യുദ്ധം അവസാനിച്ചുവെന്ന വാര്‍ത്ത ഇന്ന് രാവിലെ ക്രൂഡ് വില ബാരലിന് 95 ഡോളറില്‍ താഴെ എത്തിച്ചിരുന്നു. എന്നാല്‍, യുഎഇയിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വീണ്ടും 100 ഡോളറിന് മുകളിലേക്ക് ക്രൂഡിനെ ഉയര്‍ത്തി. വലിയ ആക്രമണങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വില അടുത്ത ദിവസങ്ങളില്‍ 90 ഡോളറില്‍ താഴെയായേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT