Image : Canva 
News & Views

അടിസ്ഥാന ശമ്പളം ₹16,000ൽ നിന്ന് ₹69,000 ആകുമോ? കേന്ദ്രസർക്കാർ ജീവനക്കാരുടെ സമ്മർദം, ഡി.എ 2% വർധിപ്പിച്ച് മന്ത്രിസഭ

എട്ടാം ശമ്പള കമ്മീഷന് കീഴില്‍ ശമ്പളം, പെന്‍ഷന്‍, സേവന നിയമങ്ങള്‍ എന്നിവയില്‍ സമഗ്രമായ പരിഷ്‌കരണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Dhanam News Desk

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. 2 ശതമാനം ക്ഷാമബത്ത (Dearness Allowance) വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി ഉയരും. പണപ്പെരുപ്പ നിരക്ക് പരിഗണിച്ച്, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന നിശ്ചയിച്ചിരിക്കുന്നത്.

പുതുക്കിയ ക്ഷാമബത്തയ്ക്ക് (DA) 2026 ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും. ഇത് പെൻഷൻകാർക്കും ബാധകമാണ്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഡിഎ പ്രഖ്യാപനം ഉണ്ടാകാതിരുന്നത് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. സാധാരണയായി വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടാകാറുള്ള പ്രഖ്യാപനം വൈകിയതോടെ വലിയ കാത്തിരിപ്പിലായിരുന്നു ലക്ഷക്കണക്കിന് ആളുകള്‍. വർഷത്തിൽ രണ്ടുതവണയാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്—ഒന്ന് ജനുവരിയിലും മറ്റൊന്ന് ജൂലൈയിലും.

എട്ടാം ശമ്പള കമ്മീഷന്‍ ആവശ്യങ്ങള്‍ക്ക് പിന്നാലെ

നിര്‍ദ്ദിഷ്ട എട്ടാം ശമ്പള കമ്മീഷന് കീഴില്‍ വലിയ മാറ്റങ്ങള്‍ വേണമെന്ന ജീവനക്കാരുടെ യൂണിയനുകളുടെ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിനിടയിലാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്.

എട്ടാം ശമ്പള കമ്മീഷന് കീഴില്‍ ശമ്പളം, പെന്‍ഷന്‍, സേവന നിയമങ്ങള്‍ എന്നിവയില്‍ സമഗ്രമായ പരിഷ്‌കരണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 14-ന് നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (NCJCM) സമര്‍പ്പിച്ച വിശദമായ മെമ്മോറാണ്ടത്തില്‍, സാധാരണ ശമ്പള പരിഷ്‌കരണങ്ങള്‍ക്കും അപ്പുറമുള്ള വിപുലമായ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മിനിമം അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയര്‍ത്തണമെന്നും ഫിറ്റ്മെന്റ് ഫാക്ടര്‍ 3.83 ആക്കണമെന്നുമാണ് ഈ നിര്‍ദ്ദേശത്തിലെ പ്രധാന ആവശ്യം. നിലവില്‍ 16,000 രൂപയാണ് അടിസ്ഥാന ശമ്പളം.

ക്ഷാമബത്ത 25 ശതമാനത്തില്‍ എത്തിയാല്‍ അത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ശമ്പളത്തില്‍ പ്രതിഫലിക്കുന്നതിനാണ് ഈ നീക്കം. മെമ്മോറാണ്ടത്തിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുകയാണെങ്കില്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം 50 ലക്ഷം ജീവനക്കാരെയും 65 ലക്ഷം പെന്‍ഷന്‍കാരെയും ഇത് ബാധിക്കും. 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് ഈ പരിഷ്‌കരണത്തിലൂടെ പ്രതിമാസം 600 രൂപയുടെ വര്‍ധനയുണ്ടാകും.

Central government approves DA hike while employee unions push for ₹69,000 minimum pay under the 8th Pay Commission

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT