രാജ്യത്തെ ക്ഷേത്രങ്ങളിലും ട്രസ്റ്റുകളിലുമുള്ള സ്വര്‍ണം ഏറ്റെടുത്ത് പണമാക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പിന്നീട് സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. ഇത്തരത്തില്‍ യാതൊരു നീക്കത്തിനും ശ്രമമില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന് പകരമായി ഗോള്‍ഡ് ബോണ്ടുകള്‍ നല്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന ഊഹാപോഹങ്ങളും കേന്ദ്രം നിഷേധിച്ചു. സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ക്ഷേത്ര സ്വര്‍ണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
ക്ഷേത്ര ഗോപുരങ്ങള്‍, വാതിലുകള്‍, മറ്റ് നിര്‍മ്മിതികള്‍ എന്നിവയിലെ സ്വര്‍ണപ്പാളികള്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്വര്‍ണ ശേഖരത്തിന്റെ ഭാഗമാക്കുമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണം ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാക്കാനുള്ള യാതൊരു നയവും നിലവില്‍ പരിഗണനയിലില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ ബുളളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ രാജ്യത്തെ ക്ഷേത്രങ്ങളുടെ പക്കലുള്ള സ്വര്‍ണം സമ്പദ്വ്യവസ്ഥയ്ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ക്ഷേത്രങ്ങളിലെ സ്വര്‍ണം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ക്ക് സര്‍ക്കാരിന്റെ വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine