രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ സാമ്പത്തിക ലാഭത്തിലെത്തിക്കാന്‍ ബൃഹദ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ പോസ്റ്റിനു കീഴിലുള്ള ആസ്തികള്‍ കണക്കാക്കി ഇവയെ വരുമാന മാര്‍ഗമാക്കി മാറ്റുന്നതിനാണ് മുന്‍ഗണന നല്കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിനിമ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
1.6 ലക്ഷം പോസ്‌റ്റോഫീസുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഒട്ടുമിക്കവയും സ്വന്തം കെട്ടിടത്തിലാണ്. മിക്കയിടങ്ങളിലും സ്വന്തമായി സ്ഥലവും ഉണ്ട്. നഗരഹൃദയങ്ങളിലെ പോസ്‌റ്റോഫീസുകള്‍ മിക്കതും കണ്ണായ സ്ഥലങ്ങളിലാണ്.
ഇന്ത്യ പോസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ കണക്കെടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സിന്ധ്യ വ്യക്തമാക്കിയിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ മൊത്തത്തില്‍ പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായി ലാഭത്തിലെത്തിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനാണെങ്കിലും ഇന്ത്യ പോസ്റ്റിനാണെങ്കിലും ആവശ്യത്തിലധികം ഭൂമിയുണ്ട്. ഇത് മുതലാക്കാന്‍ നമുക്ക് സാധിക്കണം. അതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. വാടകയ്ക്ക് കൊടുക്കാന്‍ പറ്റുന്ന കെട്ടിടങ്ങള്‍ നിര്‍മിച്ച് താഴെ നിലയില്‍ പോസ്റ്റ് ഓഫീസും മുകള്‍ നിലകള്‍ വാടകക്കും കൊടുക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി സ്ഥിരവരുമാനം ഉറപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ഇന്ത്യ പോസ്റ്റിന്റെ വാര്‍ഷിക വരുമാനം 12,000 കോടി രൂപയാണ്. ചെലവ് 27,000 കോടി രൂപയും. സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായമില്ലാതെ ഇന്ത്യ പോസ്റ്റിനെ സ്വയംപാര്യപ്തമാക്കുകയാണ് ലക്ഷ്യം. ആസ്തികളിലൂടെ വരുമാനം ഉറപ്പിക്കാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് വാര്‍ത്താവിനിമയ മന്ത്രാലയം.
ആധാര്‍ എന്റോള്‍മെന്റ്, പാസ്‌പോര്‍ട്ട് സേവനങ്ങള്‍, മ്യൂച്വല്‍ ഫണ്ട്, എക്‌സ്പ്രസ് പാര്‍സല്‍ സര്‍വീസ് അടക്കം കൂടുതല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനും ഇന്ത്യ പോസ്റ്റിന് പദ്ധതിയുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നവീകരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
Read DhanamOnline in English
Subscribe to Dhanam Magazine