News & Views

എല്‍.ഐ.സിയിലെ വിഹിതം വീണ്ടും വിറ്റഴിക്കാന്‍ കേന്ദ്രം, ഒറ്റയടിക്ക് വില്പനയില്ല, പകരം ബദല്‍ മാര്‍ഗം

ഓഹരികളിലെ പൊതുപങ്കാളിത്തം 25 ശതമാനത്തിലേക്ക് എത്തിക്കണമെന്ന നിയമം പാലിക്കാന്‍ എല്‍.ഐ.സി ബാധ്യസ്ഥര്‍

Dhanam News Desk

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി) ഓഹരികള്‍ വീണ്ടും വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 2025-26 സാമ്പത്തികവര്‍ഷം 2-3 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 2027 മേയ് മാസത്തോടെ എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം 90 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ഒറ്റയടിക്ക് ഇത്രയും ഓഹരികള്‍ വില്പനയ്ക്ക് വയ്ക്കുന്നതിന് പകരം വ്യത്യസ്ത ഘട്ടങ്ങളായി വില്പനയ്ക്ക് വയ്ക്കാനാണ് നീക്കമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തുകൊണ്ട് ഓഹരി വില്പന

100 ശതമാനവും കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു എല്‍ഐസി. 2022 മേയില്‍ ഐ.പി.ഒയിലൂടെ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചു. നിലവില്‍ 96.5 ശതമാനമാണ് കേന്ദ്രത്തിന്റെ കൈവശമുള്ള ഓഹരിപങ്കാളിത്തം. 0.79 ശതമാനം മ്യൂച്വല്‍ഫണ്ടുകളുടെയും 1.77 ശതമാനം ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകരുടെയും 0.19 ശതമാനം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെയും 0.75 ശതമാനം മറ്റ് നിക്ഷേപകരുടെയും കൈവശമാണ്.

ഓഹരി വിപണിയിലേക്ക് എത്തുന്ന കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഓഹരികളിലെ പൊതുപങ്കാളിത്തം മൂന്നു വര്‍ഷത്തിനകം 25 ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനി മൂന്നുവര്‍ഷത്തിനകം ഘട്ടംഘട്ടമായി പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നാണ് സെബിയുടെ ചട്ടം. ഇക്കാര്യത്തില്‍ എല്‍.ഐ.സിക്ക് 2032 വരെ ഇളവ് സെബി നല്‍കിയിട്ടുണ്ട്.

മൂന്നു ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ 9,500 മുതല്‍ 14,500 കോടി രൂപ വരെ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 ശതമാനത്തിലേറെ ഇടിവ് എല്‍.ഐ.സി ഓഹരികള്‍ക്ക് നേരിട്ടിരുന്നു. മാര്‍ച്ച് മൂന്നിന് 52 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലും ഓഹരികളെത്തി. ഡിസംബര്‍ അവസാന പാദത്തില്‍ ലാഭം ഉയര്‍ന്നെങ്കിലും വരുമാനത്തില്‍ മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ കുറവുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT