Image courtesy: Canva
News & Views

സ്റ്റാർട്ടപ്പുകൾക്ക് അവസരം, ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ വിപുലമാക്കും, കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് കേന്ദ്ര പദ്ധതി

നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികളാണ് പദ്ധതിയില്‍ അവലംബിക്കുന്നത്

Dhanam News Desk

കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രൊജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം.

ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികളടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്. മത്സ്യസംസ്കരണം, പാക്കിങ്, വിപണനം എന്നിവയിൽ സംരംഭകരാകാൻ സഹായിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.

പൈലറ്റ് പ്രോജക്ടിന് കീഴിൽ, മത്സ്യകൃഷിയിലും മറ്റ് അനുബന്ധ രീതികളിലും കർഷകർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിന് പരിശീലനം നൽകും. കൃഷിക്ക് പുറമെ, മത്സ്യസംസ്കരണം, പാക്കിങ്, വിപണനം എന്നിവയിൽ സംരംഭകരാകാൻ സഹായിക്കും.

കുട്ടനാട്ടിലെ കർഷകരുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണർ ഡോ. മുഹമ്മദ് കോയ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇമെൽഡ ജോസഫ്, ഐസിഎആറിന് കീഴിലുള്ള വിവിധ ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികൾ, കെവികെകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Centre to launch pilot project in Kuttanad to boost fisheries through modern and traditional methods, creating opportunities for startups and farmers.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT