രാജ്യത്തെ റോഡപകട മരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഉദ്ഘാടനം ചെയ്യും. 'പിഎം റാഹത്ത്' (PM RAHAT - Road Accident Victims Hospitalisation and Assured Treatment) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി രാജ്യത്തെ എല്ലാ റോഡുകളിലുമുണ്ടാകുന്ന അപകടങ്ങള്‍ക്കും ബാധകമായിരിക്കും എന്നാണ് അറിയുന്നത്.
അപകടം സംഭവിച്ച് ആദ്യത്തെ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കും (Cashless Treatment) എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
അപകടം നടന്ന ആദ്യ ഒരു മണിക്കൂര്‍ (Golden Hour) ചികിത്സ ഉറപ്പാക്കുന്നതിലൂടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന സുമനസുകള്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കും. ഇവരെ 'രഹ്‌വീര്‍' (Rahveer) എന്നാണ് പദ്ധതിയില്‍ വിശേഷിപ്പിക്കുന്നത്.
ഇന്‍ഷുറന്‍സ് ഉള്ള വാഹനങ്ങളാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള വിഹിതവും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേക 'റോഡ് സേഫ്റ്റി ഫണ്ടും' ഉപയോഗിച്ചാണ് ചികിത്സാ ചെലവ് കണ്ടെത്തുന്നത്.
പദ്ധതിയുടെ ഭാഗമായി എംപാനല്‍ ചെയ്ത ആശുപത്രികള്‍ക്ക് പുറമെ, സ്വകാര്യ-പൊതുമേഖലയിലുള്ള മറ്റെല്ലാ ആശുപത്രികളും അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ചികിത്സ (Stabilisation Treatment) നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും. ഗുരുതരമല്ലാത്ത സാഹചര്യങ്ങളില്‍ 24 മണിക്കൂര്‍ വരെയും ജീവന്‍ അപകടത്തിലായ സാഹചര്യങ്ങളില്‍ 48 മണിക്കൂര്‍ വരെയും സ്ഥിരത കൈവരിക്കുന്നത് വരെ ചികിത്സ നല്‍കണം.
ചണ്ഡീഗഢ്, അസം, പഞ്ചാബ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശേഷമാണ് പദ്ധതി ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ടെക്‌നോളജി ഉപയോഗിച്ചാണ് ഇതിന്റെ ക്ലെയിം നടപടികള്‍ പൂര്‍ത്തിയാക്കുക. വര്‍ഷം തോറും റോഡപകടങ്ങളില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ മരിക്കുന്ന ഇന്ത്യയില്‍ ഈ പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine