News & Views

ചാന്ദ്രയാന്‍ 3 ബജറ്റിനും മേലെ, ആക്രി വിറ്റ് ഒക്ടോബറില്‍ കേന്ദ്രം നേടിയത് ₹800 കോടി

232 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വൃത്തിയാക്കി

Dhanam News Desk

വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉപയോഗശൂന്യമായ വസ്തുക്കളും പഴയ ഫയലുകളും ഇലക്ട്രോണിക് മാലിന്യവും ഉള്‍പ്പെയുള്ള ആക്രി വസ്തുക്കള്‍ വിറ്റതു വഴി ഒരു മാസം കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 800 കോടി രൂപ. ഇന്ത്യയുടെ ചാന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ബജറ്റായ 615 കോടി രൂപയെയും കടത്തിവെട്ടിയിരിക്കുകയാണ് ആക്രി വില്‍പ്പന വഴിയുള്ള വരുമാനം.

ഒക്ടോബര്‍ രണ്ട് മുതല്‍ 31 വരെ നടന്ന ശുചിത്വ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു വില്‍പ്പന. ഇത്രയും വസ്തുക്കള്‍ ഒഴിവാക്കിയതു വഴി 232 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം വൃത്തിയാക്കിയതായും സര്‍ക്കാര്‍ പറയുന്നു. 29 ലക്ഷത്തോളം ഫയലുകളാണ് ഒഴിവാക്കിയത്. 11.58 ലക്ഷം ഓഫീസുകളിലാണ് ശുചീകരണം നടത്തിയത്. 84 മന്ത്രാലയങ്ങളും വകുപ്പുകളും യത്‌നത്തില്‍ പങ്കെടുത്തതായി സര്‍ക്കാര്‍ വ്യക്തമാക്കി.

അഞ്ച് വര്‍ഷത്തെ യത്‌നം, 4,100 കോടി വരുമാനം

2021 മുതലാണ് വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും അവയ്ക്ക് കീഴില്‍ വരുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും ഒക്ടോബര്‍ മാസത്തില്‍ ശുചീകരണ യത്‌നത്തിന് തുടക്കം കുറച്ചത്. ഇതോടെ 2021 മുതല്‍ ആക്രി വിറ്റ് സര്‍ക്കാരിന് ലഭിച്ച വരുമാനം 4,100 കോടി കടന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. 23.62 ലക്ഷം ഓഫീസുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. 16.95 ലക്ഷം ഫയലുകള്‍ ഒഴിവാക്കി. 928.84 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം സ്വതന്ത്രമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Global Public School expands to Technopark, Trivandrum, marking 20 years of pioneering educational excellence in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT