പ്രതീകാത്മക ചിത്രം canva
News & Views

മാസശമ്പളം വെറും ₹60 ലക്ഷം, ഇന്ത്യന്‍ കമ്പനികളിലെ സി.ഇ.ഒമാരുടെ ശമ്പളം 10 വര്‍ഷം കൊണ്ട് ഡബിള്‍; ഏതൊക്കെ മേഖലകളിലാണ് കുടുതലെന്ന് അറിയാമോ?

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 1,000 കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടും പൊതുവിടത്തില്‍ ലഭ്യമായ ഡാറ്റയും ഉപയോഗിച്ച് 10 വര്‍ഷമെടുത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

Dhanam News Desk

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനികളിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഇ.ഒ)മാരുടെ ശരാശരി ശമ്പളം 7.2 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 9 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) ശമ്പളം വളര്‍ന്നതായും റിസോഴ്‌സ് ബ്രിഡ്ജ് നടത്തിയ പഠനത്തില്‍ പറയുന്നു. ഈ കമ്പനികളിലെ ചീഫ് ഫിനാന്‍സിംഗ് ഓഫീസര്‍മാരുടെ (സി.എഫ്.ഒ) ശരാശരി വാര്‍ഷിക ശമ്പളം 2.3 കോടി രൂപയാണെന്നും സമാനകാലയളവില്‍ 1.7 മടങ്ങ് വളര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 3.3 കോടി രൂപയായിരുന്ന സി.ഇ.ഒമാരുടെ ശമ്പളം 2023-24 സാമ്പത്തിക വര്‍ഷത്തിലെത്തിയപ്പോള്‍ 7.2 കോടി രൂപയായി. നിര്‍മാണ രംഗത്ത് (Manufacturing sector) പ്രവര്‍ത്തിക്കുന്ന സി.ഇ.ഒമാര്‍ക്കാണ് കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. സി.എഫ്.ഒമാരുടെ കാര്യമെടുത്താല്‍ സേവന മേഖലയില്‍ (Service Sector) പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രതിഫലം. ഉത്തരേന്ത്യയിലെ കമ്പനികളില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് ദേശീയ തലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലുള്ള കമ്പനികളിലുള്ളവര്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ പ്രതിഫലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശ കമ്പനികളില്‍ ശമ്പളം കൂടുതല്‍

കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തില്‍ വരുന്ന മാറ്റവും റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളാണ് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളവയേക്കാള്‍ പ്രതിഫലം നല്‍കുന്നതില്‍ മുന്നിലുള്ളത്. ഇന്ത്യന്‍ കമ്പനികളേക്കാള്‍ ബഹുരാഷ്ട്ര കമ്പനികള്‍ 10-11 ശതമാനം വരെ കൂടുതല്‍ പ്രതിഫലം നല്‍കാറുണ്ട്. കമ്പനികളുടെ വരുമാനത്തിലെ വ്യത്യാസം അനുസരിച്ച് മുതിര്‍ന്ന ജീവനക്കാര്‍ക്കുള്ള പ്രതിഫലത്തിലും മാറ്റമുണ്ടാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 1,000 കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടും പൊതുവിടത്തില്‍ ലഭ്യമായ ഡാറ്റയും ഉപയോഗിച്ച് 10 വര്‍ഷമെടുത്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT