ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്‍സ് ട്രോഫി ഏകദിന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചതോടെ കോളടിച്ചിരിക്കുകയാണ് ദുബൈയിലെ വ്യാപാരമേഖല. ടിക്കറ്റ് വില്‍പ്പന മുതല്‍ വിമാനയാത്ര, ഹോട്ടല്‍ റൂം ബുക്കിംഗ്, റസ്റ്റോറന്റുകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് വ്യാപാരം പൊടിപൊടിക്കുന്നത്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ഫൈനല്‍ പോരാട്ടത്തിനുള്ള ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ 90 ശതമാനം വിറ്റുകഴിഞ്ഞു. മല്‍സര ദിവസം കൗണ്ടര്‍ വില്‍പ്പനക്കുള്ള ടിക്കറ്റുകള്‍ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. 25,000 സീറ്റുകളാണ് സ്റ്റേഡിയത്തില്‍ ഉള്ളത്.
ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റുകളില്‍ കരിഞ്ചന്ത വില്‍പ്പന പൊടിപൊടിക്കുകയാണ്. നേരത്തെ ടിക്കറ്റ് സ്വന്തമാക്കിയ വിവിധ ഏജന്‍സികള്‍ ഓണ്‍ലൈനില്‍ ഉയര്‍ന്ന വിലക്ക് ടിക്കറ്റ് വില്‍ക്കുന്നത് വ്യാപകം. 250 ദിര്‍ഹം (6000 രൂപ) മുതല്‍ 12,000 ദിര്‍ഹം വരെയാണ് വിവിധ ക്ലാസുകളിലെ യഥാര്‍ത്ഥ ടിക്കറ്റ് നിരക്കുകള്‍. ഫൈനല്‍ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞു. നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് കരിഞ്ചന്ത വില്‍പ്പന ഓണ്‍ലൈനില്‍ സജീവമായത്. 12,000 ദിര്‍ഹത്തിന്റെ (2.83 ലക്ഷം രൂപ) ഒരു ടിക്കറ്റ് ഓണ്‍ലൈനില്‍ വിറ്റു പോയത് 97,000 ദിര്‍ഹത്തിനാണ് (ഏതാണ്ട് 23 ലക്ഷം രൂപ). മിക്ക ക്ലാസുകളിലും യഥാര്‍ത്ഥ നിരക്കിനേക്കാള്‍ 700 ശതമാനത്തിലേറെ കൂട്ടിയാണ് വില്‍പ്പന നടക്കുന്നത്. 250 ദിര്‍ഹം ടിക്കറ്റുകള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ വില്‍ക്കുന്നത് 4,000 ദിര്‍ഹത്തിനാണ്. കരിഞ്ചന്ത വില്‍പ്പന തടയാന്‍ നിലവില്‍ സംവിധാനങ്ങളൊന്നും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയുടെ യഥാര്‍ത്ഥ വേദി പാക്കിസ്ഥാനാണെങ്കിലും ഫൈനല്‍ മല്‍സരത്തിന് വേദിയാകാന്‍ ലാഹോറിന് കഴിഞ്ഞില്ല. പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നതാണ് കാരണം. ഇന്ത്യ ഫൈനലില്‍ എത്തിയതോടെയാണ് ലാഹോറിന് അവസരം നഷ്ടമായത്. വേദി മാറിയതോടെ ഒട്ടേറെ ബിസിനസ് അവസരങ്ങളാണ് പാക്കിസ്ഥാന് നഷ്ടമായത്. മറ്റു രാജ്യങ്ങളെല്ലാം ലാഹോറില്‍ കളിച്ചപ്പോള്‍ ഇന്ത്യയുടെ കളികളെല്ലാം നടന്നത് ദുബൈയിലാണ്. പാക്കിസ്ഥാന്‍ ടീം സെമി കാണാതെ പുറത്തായതും ലാഹോറിലെ പിന്നീടുള്ള മല്‍സരങ്ങളുടെ നിറം കെടുത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine