Representational Image 
News & Views

ഈ സമയങ്ങളില്‍ ട്രെയ്‌നില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫാകും, കാരണമിതാണ്

മാര്‍ച്ച് 13ന് ഉത്തരാഖണ്ഡിലെ കന്‍സാറോയ്ക്ക് സമീപം ദില്ലി-ഡെഹറാദൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം

Dhanam News Desk

നിങ്ങള്‍ ട്രെയ്‌നില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്നവരാണോ, യാത്രയ്ക്കിടെ മൊബൈല്‍ ചാര്‍ജ് ചെയ്യാറുണ്ടോ... എങ്കില്‍ ഇനിമുതല്‍ രാത്രികാല യാത്ര ചെയ്യുന്നവര്‍ മൊബൈലില്‍ ചാര്‍ജുണ്ടോയെന്ന് ഉറപ്പിച്ച ശേഷം ട്രെയ്‌നില്‍ കയറുന്നതായിരിക്കും നല്ലത്. കാരണം രാത്രികാലങ്ങളില്‍ ട്രെയ്‌നുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫായിരിക്കും. ട്രെയ്‌നുകളില്‍ തീപിടിത്ത സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. രാത്രി 11 മണി മുതല്‍ രാവിലെ 5 മണിവരെയായിരിക്കും ചാര്‍ജിംഗ് പോയിന്റുകള്‍ ഓഫാക്കുക.

മാര്‍ച്ച് 13 ന് ഉത്തരാഖണ്ഡിലെ കന്‍സാറോയ്ക്ക് സമീപം ദില്ലി-ഡെഹറാദൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം.

''യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയ്‌നുകളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ സ്വിച്ച് ഓഫ് ചെയ്യാന്‍ റെയില്‍വേ തീരുമാനിച്ചു,'' വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുമിത് താക്കൂര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും അമിതമായി ചാര്‍ജ് ചെയ്യുകയും ചൂടാകുകയും ചെയ്യുന്നതിനാല്‍ നിരവധി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഏറ്റവും പുതിയ നടപടിയെന്നും മറ്റ് റെയില്‍വേ മേഖലകളിലും ഈ നിര്‍ദേശം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ഞങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നു. ട്രെയ്‌നുകളിലും സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന റെയില്‍വേ ഉപയോക്താക്കളെയും റെയില്‍വേ, റെയില്‍വേ ഇതര ജോലിക്കാരെയും ബോധവല്‍ക്കരിക്കുന്നതിന് തീവ്രമായ സുരക്ഷാ ബോധവല്‍ക്കരണ സംവിധാനം ആരംഭിച്ചു,'' സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി സുതര്‍ പറഞ്ഞു.

''സതേണ്‍ റെയില്‍വേയുടെ ഡിവിഷനുകള്‍ രാത്രിയില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്'' സതേണ്‍ റെയില്‍വേ സിപിആര്‍ഒ ബി ഗുഗനേസന്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT