News & Views

സിമന്റ് വില കുറയും, ഗൃഹനിര്‍മാണ സാധനങ്ങള്‍ക്കും നിരക്കിളവ്; നിര്‍മാണ മേഖലയ്ക്ക് ജിഎസ്ടി താങ്ങ്

ആകെ നിര്‍മാണ ചെലവിന്റെ 3-5 ശതമാനം വരെ കുറവുവരുത്താന്‍ സിമന്റ് വിലയിലെ 10 ശതമാനം ജിഎസ്ടി കുറവ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

56മത് ജിഎസ്ടി കൗണ്‍സില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ രാജ്യത്ത് സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. ഇടത്തരം, മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷിയെ ഉണര്‍ത്താനും ചെലവഴിക്കല്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരക്കിളവാണ് ജിഎസ്ടിയില്‍ വരുത്തിയിരിക്കുന്നത്. ഒട്ടനവധി മേഖലകളെ നേരിട്ട് സ്പര്‍ശിക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടിയില്‍ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.

നിര്‍മാണ മേഖലയ്ക്ക് കരുത്താകും

ജിഎസ്ടിയില്‍ നിരക്കിളവില്‍ നിര്‍മാണ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിട്ടുണ്ട്. സിമന്റ് വിലയില്‍ വലിയൊരു കുറവിന് പുതിയ നിരക്കുകള്‍ വഴിയൊരുക്കും. നേരത്തെ 28 ശതമാനമായിരുന്നു സിമന്റിന്റെ ജിഎസ്ടി. ഇത് 18 ശതമാനത്തിലേക്ക് കുറച്ചു. ഒരു ചാക്കില്‍ മാത്രം 40 രൂപയ്ക്കടുത്ത് കുറവു വരുത്താന്‍ പുതിയ മാറ്റത്തോടെ സാധിക്കും. സിമന്റ് കമ്പനികള്‍ തമ്മില്‍ ശക്തമായ മത്സരം നിലനില്‍ക്കുന്നതിനാല്‍ ഇത്രയും കുറവു വരുത്താന്‍ കമ്പനികള്‍ ശ്രമിച്ചേക്കും.

മണല്‍, ഇഷ്ടിക, ചുണ്ണാമ്പ് ഇഷ്ടിക, കല്ലില്‍ കൊത്തിയെടുത്തവ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് താഴ്ത്തിയത്. നിര്‍മാണത്തിനുള്ള മറ്റ് വസ്തുക്കളുടെയും ജിഎസ്ടി ഗണ്യമായി കുറയും.

സിമന്റ് വിലയില്‍ വലിയ കുറവുണ്ടാകുന്നത് നിര്‍മാണ മേഖലയ്ക്ക് നേട്ടമാണ്. നിര്‍മാണ മേഖലയില്‍ ഏറ്റവും വിലയേറിയതും പ്രധാനപ്പെട്ടതുമായ ഉത്പന്നങ്ങളിലൊന്ന് സിമന്റാണ്. അതുകൊണ്ട് തന്നെ സിമന്റിലുണ്ടാകുന്ന ഏതൊരു കുറവും നിര്‍മാണ മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ്. ആകെ നിര്‍മാണ ചെലവിന്റെ 3-5 ശതമാനം വരെ കുറവുവരുത്താന്‍ സിമന്റ് വിലയിലെ 10 ശതമാനം ജിഎസ്ടി കുറവ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

GST cut reduces cement and construction material costs, giving a major boost to the housing sector

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT