News & Views

₹1,200 കോടി മുടക്കില്‍ പുതിയ സെക്രട്ടറിയേറ്റ്, ഫോര്‍മുല വണ്‍ ട്രാക്ക്, ഒളിമ്പിക്‌സ് സിറ്റി; ചെന്നൈയെ മോഡേണാക്കാന്‍ പദ്ധതികളുമായി വിജയ്

2028 അവസാനത്തോടെ ഫോര്‍മുല വണ്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാരും പരിശോധിക്കുന്നതിനിടെയാണ് തമിഴ്നാടിന്റെ പ്രഖ്യാപനം

Dhanam News Desk

ചെന്നൈയുടെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പുതിയ സെക്രട്ടറിയേറ്റും നിയമസഭ മന്ദിരവും ഉള്‍പ്പെടുന്ന 1,200 കോടി രൂപയുടെ പദ്ധതി, ലോകോത്തര ഒളിമ്പിക്‌സ് സിറ്റി, ഫോര്‍മുല വണ്‍ റേസിംഗ് നടത്താന്‍ പര്യാപ്തമായ മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്. നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് മുഖ്യമന്ത്രി സ്വപ്‌നപദ്ധതികള്‍ വെളിപ്പെടുത്തിയത്.

20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ നിയമസഭ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മിക്കുക. ആധുനിക അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങള്‍, ഹരിതകെട്ടിട മാനദണ്ഡങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാകും.

വിശാലമായ പാര്‍ക്കിംഗ് സൗകര്യം, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതുജന സേവനകേന്ദ്രങ്ങള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള ആധുനിക സംവിധാനങ്ങള്‍ എന്നിവയും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളെ ഒരൊറ്റ ഭരണസമുച്ചയത്തില്‍ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജ് സമുച്ചയത്തിലാണ് നിലവില്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്നത്. 30ലധികം വകുപ്പുകളില്‍ നിന്നുള്ള 6,000ലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

ചെന്നൈയില്‍ ഒളിമ്പിക് സിറ്റി

ലോകോത്തര അടിസ്ഥാനസൗകര്യങ്ങളോടെ തമിഴ്നാട് ഒളിമ്പിക് സിറ്റിയും ചെന്നൈയില്‍ സ്ഥാപിക്കും. തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിക്കായിരിക്കും പദ്ധതിയുടെ നിര്‍വഹണ ചുമതല. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും പരിശീലനകേന്ദ്രങ്ങളും ആധുനിക കായിക ഉപകരണങ്ങളും ഇവിടെ ഒരുക്കും. കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഹൈ പെര്‍ഫോമന്‍സ് ട്രെയിനിംഗ് സെന്റര്‍, സ്പോര്‍ട്സ് സയന്‍സ് സെന്റര്‍, സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍ എന്നിവയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോര്‍മുല വണ്‍ ലക്ഷ്യമിട്ട് മോട്ടോര്‍ സ്പോര്‍ട്സ് സിറ്റി

ഫോര്‍മുല വണ്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര മോട്ടോര്‍ റേസിംഗ് മത്സരങ്ങള്‍ ചെന്നൈയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ സ്പോര്‍ട്സ് സിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഫോര്‍മുല വണ്‍, ഫോര്‍മുല ടു, ഫോര്‍മുല ത്രീ, ഫോര്‍മുല ഫോര്‍ വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന നിലവാരത്തിലാകും കേന്ദ്രം വികസിപ്പിക്കുക.

പ്രൊഫഷണല്‍ റേസിംഗ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശീലന സൗകര്യങ്ങളും ഇവിടെ ഒരുക്കും. കായിക വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, അനുബന്ധ സേവനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാന സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ വരുമാനാവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

2028 അവസാനത്തോടെ ഫോര്‍മുല വണ്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാരും പരിശോധിക്കുന്നതിനിടെയാണ് തമിഴ്നാടിന്റെ പ്രഖ്യാപനം. മോട്ടോര്‍ സ്പോര്‍ട്സിന്റെ വികസനസാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം പ്രത്യേക ടാസ്‌ക് ഫോഴ്സിനും രൂപം നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT