image credit : canva 
News & Views

ചിക്കന്‍ വില കുതിച്ചുയരാന്‍ കാരണം 'വന്‍കിട' ഇടപെടല്‍, മുട്ടയും ഉയരത്തില്‍; ഒരാഴ്ചയ്ക്കുള്ളില്‍ വില കുറയും

Dhanam News Desk

സംസ്ഥാനത്ത് ചിക്കന്‍വില പിടിവിട്ട് മുന്നേറുന്നതിനിടെ ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത. അധികം വൈകാതെ വില കുറയുമെന്നാണ് കേരളത്തിലെ കോഴിയിറച്ചി വ്യാപാരികള്‍ പറയുന്നത്. വിപണിയിലേക്കുള്ള കോഴിയുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. അടഞ്ഞു കിടന്ന ഫാമുകള്‍ സജീവമായതും കോഴിലഭ്യത വര്‍ധിപ്പിക്കും. ലൈവ് കോഴിക്ക് 175 മുതല്‍ 188 രൂപ വരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വില. കോഴിയിറച്ചിക്ക് 250 മുതല്‍ 300 രൂപ വരെയാണ് പ്രാദേശികാടിസ്ഥാനത്തില്‍ വില.

സാധാരണഗതിയില്‍ ശബരിമല സീസണ്‍ സമയത്ത് കേരളത്തില്‍ കോഴിയിറച്ചി വില്പന കുറഞ്ഞു നില്ക്കുകയായിരുന്നു പതിവ്. ഈ സമയത്ത് ഫാമുകളില്‍ ഉത്പാദനവും കുറവായിരിക്കും. മുന്‍കാല അനുഭവങ്ങളുള്ളതിനാല്‍ ഫാമുകളിലെ ഉത്പാദനം കുറച്ചതാണ് വില പെട്ടെന്ന് പിടിവിട്ട് ഉയരാന്‍ കാരണമായത്.

വിനോദസഞ്ചാരികളുടെ വരവ് ഇത്തവണ കൂടുതലാണ്. ഇതാണ് ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കിയ കാരണങ്ങളിലൊന്ന്. ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും നിന്നുള്ള ആവശ്യകത വലിയ തോതില്‍ വര്‍ധിച്ചു. കോവിഡിനുശേഷം ടൂറിസം രംഗം ഇത്ര സജീവമാകുന്നത് ആദ്യമായിട്ടാണ്.

കേരളത്തിലെ കോഴി വിപണി നിയന്ത്രിക്കുന്നത് ഇതരസംസ്ഥാനങ്ങളിലെ വന്‍കിട ഫാമുകാരാണ്. കേരളത്തിലെ കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ നല്കി വളര്‍ച്ചയെത്തുമ്പോള്‍ തിരിച്ചെടുക്കുന്ന രീതിയാണ് വന്‍കിട ഫാമുകാര്‍ പിന്തുടരുന്നത്. കേരള മാര്‍ക്കറ്റിന്റെ 60 ശതമാനവും വെങ്കീസ്, സുഗുണ, വെങ്കിടേശ്വര, ശാന്തി ഫീഡ് തുടങ്ങിയ വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാണ്. മുമ്പ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫാമുകള്‍ പോലും ഈ കമ്പനികള്‍ക്കായി കേഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി കൊടുക്കുന്ന കേന്ദ്രങ്ങളായി മാറി.

വിലകൂടാന്‍ കാരണങ്ങള്‍ പലത്

ഉത്പാദനം കുറവായത് തന്നെയാണ് വില കൂടാനുള്ള പ്രധാന കാരണം. കോഴികൃഷിക്കുള്ള ചെലവേറിയതും വിലയില്‍ പ്രതിഫലിക്കുന്നു. സോയാബീന്‍ ഉള്‍പ്പെടെ കോഴികള്‍ക്ക് തീറ്റയായി നല്കുന്നവയുടെ വില ഉയര്‍ന്നിട്ടുണ്ട്. ഫാം നടത്തിപ്പ് കൂടുതല്‍ ചെലവേറിയതായെന്ന് കര്‍ഷകരും പറയുന്നു. മുമ്പ് ഫാമുണ്ടായിരുന്ന പലരും കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി കൊടുക്കുന്ന കേന്ദ്രങ്ങളായി മാറി. കിലോയ്ക്ക് 7-8 രൂപ വരെ ഇങ്ങനെ വളര്‍ത്തി നല്കുമ്പോള്‍ ലഭിക്കും.

കേരളത്തില്‍ ഒരു ദിവസം 30 ലക്ഷം കിലോ കോഴിയിറച്ചി വില്ക്കുന്നുണ്ടെന്ന് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് താജുദീന്‍ പാറക്കുളം ധനംഓണ്‍ലൈനോട് പറഞ്ഞു. സാധാരണ ദിവസങ്ങളിലെ സ്ഥിതിയാണിത്. വിശേഷ ദിവസങ്ങളില്‍ വില്പന ഇതിലും കൂടും.

കേരളത്തിലേക്ക് കൂടുതലായി കോഴി എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ വേനല്‍ക്കാലത്ത് ഉത്പാദനം സാധാരണയായി കുറയാറുണ്ട്. ചൂട് കൂടുന്നതും വെള്ളലഭ്യത കുറയുന്നതും ഉത്പാദനം ഇടിയുന്നതിന് വഴിയൊരുക്കുന്നു.

മുട്ടവിലയും ഉയരുന്നു

കോഴിയിറച്ചിക്ക് പിന്നാലെ മുട്ട വിലയും വര്‍ധിക്കുകയാണ്. എറണാകുളം മാര്‍ക്കറ്റില്‍ നിലവില്‍ 7.25 രൂപയാണ് മൊത്തക്കച്ചവട നിരക്ക്. കടകളില്‍ എട്ട് രൂപയും. ഫെബ്രുവരി പാതിയോടെ വില കുറഞ്ഞേക്കുമെങ്കിലും വലിയ ഇടിവ് ഉണ്ടായേക്കില്ല. അതേസമയം, താറാവുമുട്ടയ്ക്ക് വില ഉയര്‍ന്നിട്ടില്ല. 10 രൂപയാണ് നിരക്ക്.

ദക്ഷിണേന്ത്യയിലെ പ്രധാന കോഴിമുട്ട ഉത്പാദനകേന്ദ്രമായ നാമക്കല്ലില്‍ നിന്ന് പ്രതിദിനം ലോഡ് കണക്കിന് മുട്ടകളാണ് ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മുട്ടയുടെ കയറ്റുമതി അടുത്ത കാലത്തായി വര്‍ധിച്ചു. ഇതും കേരളത്തില്‍ വില ഉയരാന്‍ കാരണമായി.

സാധാരണ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ കോഴിമുട്ട വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്രത്തോളം വില മുമ്പെങ്ങും ഉയര്‍ന്നിട്ടില്ല. നാമക്കല്ലില്‍ 6.40 രൂപയ്ക്ക് മുകളിലാണ് മുട്ടയ്ക്ക് വില.

ഒരു ദിവസം ശരാശരി ആറ് കോടിയോളം മുട്ടകളാണ് നാമക്കല്ലില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. 10,000 മുതല്‍ ഏഴ് ലക്ഷം വരെ മുട്ടക്കോഴികളാണ് ഇവിടുത്തെ ഓരോ ഫാമിലുമുള്ളത്. ഇത്തരം എഴുന്നൂറോളം ഫാമുകള്‍ നാമക്കല്ലിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT