ചൈനയിലേക്ക് എണ്ണയുമായി പോകുന്ന ഒന്നിലേറെ റഷ്യന്‍ എണ്ണക്കപ്പലുകള്‍ യാത്രഗതി മാറ്റുന്നതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ റഷ്യന്‍ എണ്ണയ്ക്ക് ആഗോളതലത്തില്‍ താല്പര്യം വര്‍ധിച്ചതാണ് മാറ്റത്തിന് കാരണം. ദക്ഷിണചൈന കടലില്‍ ചൈന ലക്ഷ്യമാക്കി പോയിരുന്ന അക്വുവ ടൈറ്റന്‍ എന്ന കപ്പലാണ് ഇന്ത്യയിലേക്ക് യാത്ര മാറ്റിയത്.
ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. എണ്ണയുമായി മാര്‍ച്ച് 21ന് ന്യൂ മാംഗ്ലൂരിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. അക്വുവ ടൈറ്റന്‍ യാത്ര തുടങ്ങിയത് ചൈനയിലെ റിസാവോ തുറമുഖത്ത് എണ്ണ എത്തിക്കാനായിരുന്നു. എന്നാല്‍, മാര്‍ച്ച് പകുതിയോടെ കപ്പല്‍ യാത്രഗതി മാറ്റുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ച ശേഷമാണ് കപ്പല്‍ ഇന്ത്യയിലേക്ക് യാത്ര പുനക്രമീകരിച്ചത്. യുഎസ് അനുമതിക്ക് ശേഷം ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങി. രാജ്യത്ത് എല്‍പിജി പ്രതിസന്ധിയുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ ലഭ്യത കുറയാതിരിക്കാന്‍ ഇതാണ് കാരണം. വരുംദിവസങ്ങളില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ എത്തുമെന്നാണ് സൂചന.
യുഎസ് ഉപരോധം മാറ്റിയതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുണ്ട്. ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവര്‍ മോസ്‌കോയുമായി കരാറിലെത്തിയതോടെ റഷ്യന്‍ എണ്ണയുടെ വില വര്‍ധിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴോളം എണ്ണക്കപ്പലുകള്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കി ഇന്ത്യയിലേക്ക് വഴിതിരിച്ചു വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine