News & Views

വ്യാപാര യുദ്ധം ആകാശത്തും; അമേരിക്കയുടെ വിമാനം വേണ്ടെന്ന് ചൈന; ബോയിംഗിന് പണികിട്ടും

ബോയിംഗ് ഓഹരി വില മൂന്നു ശതമാനം ഇടിഞ്ഞു

Dhanam News Desk

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ചൈന. വ്യോമയാന മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ചൈനയുടെ തീരുമാനം. അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വിമാനം വാങ്ങാനുള്ള നടപടികള്‍ ചൈന നിര്‍ത്തിവെച്ചു. ട്രംപിന്റെ നികുതി വര്‍ധിപ്പിക്കല്‍ നിലപാടിനോടുള്ള ചൈനയുടെ ഏറ്റവുമൊടുവിലത്തെ പ്രതികരണമാണിത്. ചൈനയുടെ തീരുമാനത്തെ തുടര്‍ന്ന് ബോയിംഗ് കമ്പനിയുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു.

ബോയിംഗിന് തിരിച്ചടിയോ?

അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിംഗുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് ചൈനീസ് എയര്‍ലൈന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഓര്‍ഡറുകളും എടുക്കേണ്ടതില്ല. ബോയിംഗ് വിമാനങ്ങള്‍ ലീസ് ചെയ്യുന്നത് ഒഴിവാക്കാനും വിമാനങ്ങളുടെ പാര്‍ട്‌സുകള്‍ ഉള്‍പ്പടെയുള്ളവ വാങ്ങുന്നത് നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയുടെ പ്രധാന വിമാന കമ്പനികളായ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നിവ നിലവില്‍ 179 ബോയിംഗ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2027 നുള്ളില്‍ കൈമാറാനാണ് കരാര്‍. ഈ ഇടപാടുകളെ പുതിയ തീരുമാനം ബാധിക്കും. ആഴ്ചകള്‍ നീണ്ട സമരത്തിന് ശേഷം പ്രവര്‍ത്തിച്ചു തുടങ്ങിയ ബോയിംഗ് കമ്പനിക്ക് ചൈനയുടെ തീരുമാനം തിരിച്ചടിയായേക്കും.

കമ്പനികള്‍ക്ക് അധിക ബാധ്യത

ബോയിംഗുമായുള്ള ഇടപാടുകളില്‍ നിന്ന് പിന്‍മാറുന്നത് ചൈനീസ് വിമാന കമ്പനികള്‍ക്കും അധിക ബാധ്യതയുണ്ടാക്കും. വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും പാര്‍ട്‌സുകള്‍ക്കും ചെലവ് വര്‍ധിപ്പിക്കാന്‍ ഇത് കാരണമാകുമെന്നാണ് സൂചനകള്‍. ഇത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, പുതിയ തീരുമാനം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ വിമാനകമ്പനികള്‍ക്ക് സഹായം നല്‍കാനും ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

China halts Boeing jet deliveries in retaliation against US tariffs

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT