Trump and Xi Jinping Canva
News & Views

വ്യാപാര ചുങ്കം സ്കോർ ബോർഡ് - 84:104, ഇടിച്ചിടിച്ച് ചൈന - അമേരിക്ക

ട്രംപിന് ഉരുക്കിന്റെ നട്ടെല്ലാണുള്ളത്, അദ്ദേഹം തളരില്ലെന്ന് വൈറ്റ് ഹൗസ്

Dhanam News Desk

ട്രംപിന്റെ തത്തുല്യ നികുതി അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമായി. നികുതിയടിച്ചും തിരിച്ചടിച്ചും ആഗോള വ്യാപാര മേഖലയെ അസ്വസ്ഥമാക്കുകയാണ് പ്രമുഖ ശക്തികള്‍. ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി 34 ശതമാനത്തില്‍ നിന്ന് 84 ശതമാനമാക്കിയാണ് ചൈനയുടെ പുതിയ നീക്കം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104 ശതമാനം നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പാണ് ചൈന അമേരിക്കക്ക് കൂടുതല്‍ നികുതി പ്രഖ്യാപിച്ചത്. നാളെ മുതല്‍ പുതിയ നികുതി ഈടാക്കുമെന്ന് ചൈനയുടെ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇനിയെങ്ങോട്ട്?

ഏപ്രില്‍ 2 ന് നിലവില്‍ വന്ന അമേരിക്കയുടെ തത്തുല്യ നികുതിയോട് ഇടഞ്ഞു നില്‍ക്കുകയാണ് ചൈന. കഴിഞ്ഞ മാസം വരെ ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ അത് 54 ശതമാനമായി വര്‍ധിപ്പിച്ചു. ചൈനയാകട്ടെ നികുതി 34 ശതമാനത്തിലേക്ക് ഉയര്‍ത്തി തിരിച്ചടിച്ചു. ഈ നീക്കം ചൈനക്ക് നല്ലതല്ലെന്ന പ്രഖ്യാപനത്തോടെ ട്രംപ് 104 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. ഇതിനുള്ള മറുപടിയാണ് ചൈനയുടെ ഇപ്പോഴത്തെ 84 ശതമാനം നികുതി. അമേരിക്കയുടെ പ്രതികരണം കാത്തിരിക്കുകയാണ് ലോകം.

പഞ്ചിന് പഞ്ചെന്ന് അമേരിക്ക

അമേരിക്കയെ 'പഞ്ച്' ചെയ്താല്‍ കൂടുതല്‍ ശക്തിയോടെ പഞ്ച് ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലിവിറ്റിന്റെ പ്രതികരണം. ചൈനക്കുള്ള 104 ശതമാനം നികുതി ഇന്ന് രാത്രി തന്നെ നിലവില്‍ വരും. ഒരു ഡീലിന് ചൈന തയ്യാറായാല്‍ ട്രംപ് ഉദാരനാകും. ലിവിറ്റ് പറഞ്ഞു.

ഇതുവരെ 70 രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറായിട്ടുണ്ട്. ചൈനക്ക് തെറ്റുകള്‍ പറ്റുകയാണ്. അമേരിക്കയെ വെല്ലുവിളിച്ചാല്‍ പ്രതികരണം നല്ലതാകില്ല. ഓരോ രാജ്യങ്ങള്‍ക്കും അവര്‍ ചുമത്തുന്ന നികുതിക്ക് തുല്യമായ നികുതിയാണ് ട്രംപ് ഭരണകൂടം ചുമത്തുന്നത്. വ്യാപാരത്തില്‍ നടക്കുന്നത് മണ്ടത്തങ്ങളാണ്. അമേരിക്കന്‍ കമ്പനികളെയും ജീവനക്കാരെയും നശിപ്പിക്കാന്‍ അനുവദിക്കില്ല. ട്രംപിന് ഉരുക്കിന്റെ നട്ടെല്ലാണുള്ളത്. അദ്ദേഹം തളരില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അമേരിക്ക തകരില്ല. ലെവിറ്റ് പ്രതികരിച്ചു.

ആശങ്കയില്‍ ബിസിനസ് ലോകം

പുതിയ സംഭവ വികാസങ്ങളില്‍ ആശങ്കയിലാണ് ആഗോള ബിസിനസ് മേഖല. അമേരിക്കയും ചൈനയും തമ്മില്‍ സമ്പൂര്‍ണ്ണ വ്യാപാര യുദ്ധം തുടങ്ങിയെന്നാണ് യുഎസ് മുന്‍ കോമേഴ്‌സ് സെക്രട്ടറി കാര്‍ലോസ് ഗുട്ടറെസ് പറയുന്നത്. ട്രംപിന്റെ വ്യാപാര ഉപദോഷ്ടാവ് പീറ്റര്‍ നവോറക്കെതിരെ വിമര്‍ശനം തുടരുകയാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് വോണ്‍ഡര്‍ ലയനും ആശങ്ക വ്യക്തമാക്കി. അമേരിക്കയുമായി വിട്ടുവീഴ്ചക്കും തിരിച്ചടിക്കും യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നികുതി യുദ്ധം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ട്രംപിനെ പിന്തുണക്കുന്ന അമേരിക്കന്‍ കോടീശ്വരന്‍മാരായ കെന്‍ ലാന്‍ഗോണും കെന്‍ഗ്രിഫിനും അഭിപ്രായപ്പെട്ടു. യുഎസ്-ചൈന വ്യാപാര യുദ്ധത്തിന്റെ കാറ്റ് വീശി തുടങ്ങിയെന്നും ആഗോള തലത്തില്‍ അത് ബാധിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ആശങ്ക അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT