Canva
News & Views

ബോണ്ട് ബോംബാക്കുമോ ചൈന? ₹ 63 ലക്ഷം കോടിയുടെ ബോണ്ട് വിറ്റ് പ്രതികാരം ചെയ്യാന്‍ ചൈന തുനിഞ്ഞാല്‍ യു.എസിന് എന്തു സംഭവിക്കും?

യു.എസിനേക്കാള്‍ ചൈനക്കായിരിക്കും പ്രത്യാഘാതമുണ്ടാവുകയെന്നും ചില അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്

Dhanam News Desk

ഭൂരിപക്ഷം രാജ്യങ്ങളെയും ഒഴിവാക്കി ചൈനക്ക് മേല്‍ തീരുവ കുരുക്ക് മുറുക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). നേരത്തെ പ്രഖ്യാപിച്ച തത്തുല്യ തീരുവ (Reciprocal Tariff) യില്‍ 75 രാജ്യങ്ങള്‍ക്കാണ് ട്രംപിന്റെ 90 ദിവസത്തെ ഇളവ് ലഭിച്ചത്. ചൈനയുടെ മേലുണ്ടായിരുന്ന 104 ശതമാനം തീരുവ 125 ശതമാനമാക്കി വര്‍ധിപ്പിക്കാനും ട്രംപ് മറന്നില്ല. ആഗോള വിപണിയോട് ചൈനക്ക് ബഹുമാനം കുറവാണെന്നും യു.എസിനോട് കളിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് ചൈനക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനിടയില്‍ യു.എസ് കടപ്പത്രങ്ങളിലുള്ള വമ്പന്‍ നിക്ഷേപം ചൈന പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. സ്വയം മുറിവേല്‍ക്കുമെങ്കിലും ആഗോള വിപണിയെയും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെയും പിടിച്ചുകുലുക്കാന്‍ ശേഷിയുള്ള ആണവായുധമാണ് ചൈനയുടെ യു.എസ് ട്രഷറി നിക്ഷേപമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

ചൈനയുടെ കൈവശമുള്ളത് 760 ബില്യന്‍ ഡോളര്‍

ജനുവരി 2025ലെ കണക്ക് അനുസരിച്ച് 760 ബില്യന്‍ ഡോളര്‍ (ഏകദേശം 63.3 ലക്ഷം കോടി രൂപ) മൂല്യമുള്ള യു.എസ് കടപ്പത്രങ്ങള്‍ ചൈനയുടെ പക്കലുണ്ട്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടപ്പത്രങ്ങള്‍ കൈവശമുള്ള രാജ്യവും ചൈന തന്നെ. ഈ കടപ്പത്രങ്ങള്‍ ചൈന വിറ്റഴിച്ചാല്‍ അമേരിക്കന്‍ ബോണ്ടുകളിലെ ആദായം കുറയും. ഇത് യു.എസ് കടമെടുക്കല്‍ ചെലവ് കൂട്ടുകയും ആഗോള വിപണിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഇതിന് മുതിര്‍ന്നാല്‍ യു.എസിനേക്കാള്‍ ചൈനക്കായിരിക്കും പ്രത്യാഘാതമുണ്ടാവുകയെന്നും ചില അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.

മറ്റ് രാജ്യങ്ങളും കൂടെക്കൂടുമോ?

നിലവിലെ കണക്കനുസരിച്ച് 36.7 ട്രില്ല്യന്‍ ഡോളറാണ് യു.എസിന്റെ മൊത്തകടം. ഇതില്‍ 8.7ട്രില്ല്യന്‍ ഡോളറാണ് വിദേശ നിക്ഷേപകര്‍ക്കുള്ളത്. 2011ല്‍ യു.എസ് കടപ്പത്രങ്ങളിലെ ആകെ വിദേശ നിക്ഷേപത്തിന്റെ 28 ശതമാനവും ചൈനയുടെ പക്കലായിരുന്നെങ്കില്‍ ഇപ്പോഴത് 8.9 ശതമാനമാണ്. യു.എസ് ഡോളറിലെ നിക്ഷേപം കുറച്ച് മറ്റ് കറന്‍സികളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാനാണ് ഇപ്പോള്‍ ചൈനക്ക് താത്പര്യം. യു.എസ് കടപ്പത്രങ്ങള്‍ വിറ്റൊഴിവാക്കുന്നത് ചൈന ഇപ്പോഴും തുടരുകയാണ്. ഇതിനൊപ്പം ജപ്പാന്‍, തായ്‌വാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും യു.എസ് ബോണ്ടുകള്‍ വിറ്റൊഴിച്ചാല്‍ യു.എസിലെ മോര്‍ഗേജ് (Mortgage) നിരക്ക് ഉയര്‍ത്തും ഇത് യു.എസ് ഹൗസിംഗ് വിപണിയെയും ബാധിക്കുമെന്നും അനലിസ്റ്റുകള്‍ കരുതുന്നു. അങ്ങനെ വന്നാല്‍ യു.എസിലെ ഭവനനിരക്കുകള്‍ ഉയരാനും വിപണിയില്‍ ഉപയോക്താക്കള്‍ക്കുള്ള വിശ്വാസം നഷ്ടമാകാനും ഇടയാക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.

യു.എസ് ബോണ്ടുകള്‍ നിര്‍ണായകം

പൊതുചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ യു.എസ് സര്‍ക്കാര്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് യു.എസ് ട്രഷറി ബോണ്ടുകള്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ഇവയെ കണക്കാക്കാറുണ്ട്. എന്നാല്‍ താരിഫ് യുദ്ധം തുടങ്ങിയതോടെ 10 വര്‍ഷ കാലാവധിയുള്ള യു.എസ് ബോണ്ടുകളുടെ പലിശ നിരക്ക് ബുധനാഴ്ച 4.5 ശതമാനമായി വര്‍ധിച്ചു. അതായത് കടം നല്‍കിയവര്‍ക്ക് യു.എസ് തിരിച്ചുനല്‍കേണ്ട തുകയിലും വര്‍ധനയുണ്ടായി. ഫെബ്രുവരിയില്‍ 3.9 ശതമാനമായിരുന്ന പലിശ നിരക്ക് 4.5 ശതമാനമായി കൂടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ പോലും സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ പരിഗണിക്കുന്ന യു.എസ് ബോണ്ടുകളുടെ പലിശ നിരക്ക് വര്‍ധിച്ചതോടെ ലാഭമെടുക്കലും തകൃതിയായി. കൂടുതല്‍ നിക്ഷേപകര്‍ കടപ്പത്രങ്ങള്‍ വിറ്റഴിച്ചത് ഇവയുടെ ഡിമാന്‍ഡ് കുറച്ചതായും അനലിസ്റ്റുകള്‍ പറയുന്നു.

ഈ പ്രവണത തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥയിലും വിപണിയിലുമുള്ള സമ്മര്‍ദ്ദം വര്‍ധിക്കും. ഉയര്‍ന്ന പലിശ നിരക്ക് ആളുകളുടെയും ബിസിനസുകളുടെയും കടമെടുപ്പ് ചെലവ് വര്‍ധിപ്പിക്കും. ക്രമേണ വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്യും. ഇതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്ക യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ചൈന

വ്യാപാര യുദ്ധം മുറുകുന്നതിനിടെ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തി. യാത്രയിലെ അപകട സാധ്യതകള്‍ മനസിലാക്കണമെന്നും ജാഗ്രതയോടെ യാത്ര ചെയ്യണമെന്നുമാണ് ചൈനീസ് സാംസ്‌ക്കാരിക ടൂറിസം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യു.എസില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരുമിച്ച് നില്‍ക്കാന്‍ ഇന്ത്യയോട് ചൈനീസ് ആഹ്വാനം

അമേരിക്കന്‍ തീരുവയ്‌ക്കെതിരായി ഇന്ത്യയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ തീരുവ യുദ്ധത്തില്‍ ആരും ജയിക്കില്ല. പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോയാലേ എല്ലാ രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT