തീരുവ യുദ്ധത്തില്‍ യു.എസും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. യു.എസിലേക്കുള്ള ഇറക്കുമതിക്ക് 34 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ തീരുമാനത്തിന് അതേനിരക്കില്‍ മറുചുങ്കം പ്രഖ്യാപിച്ചാണ് ചൈന മറുപടി പറഞ്ഞത്. ചൈനീസ് തീരുവ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക നികുതി കൂടി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തിരിച്ചടിച്ചു. താരിഫ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും യു.എസിലെ വ്യാപാരകമ്മി നേരെയാക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പുതിയ പ്രഖ്യാപനം നടപ്പിലായാല്‍ യു.എസിലേക്കെത്തുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനം തീരുവ അടക്കേണ്ടി വരും. 20 ശതമാനം തീരുവ ഇതിനോടകം നിലവിലുണ്ട്. ഇതിന് പുറമെ 34 ശതമാനം തത്തുല്യ തീരുവയും 50 ശതമാനം അധിക തീരുവയും കൂടി ചേരുമ്പോഴാണിത്. തത്തുല്യ ചുങ്കത്തിനെതിരെ പ്രതികരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടി നല്‍കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ യു.എസ് അധികൃതര്‍ തെറ്റിന് മുകളില്‍ തെറ്റ് ചെയ്യുകയാണെന്നും അവസാനം വരെ പോരാടുമെന്നുമാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ മറുപടി. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി സ്വന്തം കാര്യം സാധിക്കുന്ന യു.എസിന്റെ തനിനിറമാണ് ഇതിലൂടെ വെളിവായത്. ഏകപക്ഷീയമായി പ്രഖ്യാപിച്ച എല്ലാ തീരുവകളില്‍ നിന്നും യു.എസ് പിന്‍മാറണം. ഇങ്ങനെ തുടരാനാണ് യു.എസിന്റെ തീരുമാനമെങ്കില്‍ അവസാനം വരെ പോരാടും. തീരുവ കൂട്ടിയാല്‍ സ്വന്തം അവകാശങ്ങളും പരമാധികാരവും സംരക്ഷിക്കാന്‍ ചൈനയും പ്രതിരോധ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോകസാമ്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം അയവില്ലാതെ തുടരുന്നത് ആശാവഹമല്ലെന്നാണ് പല അനലിസ്റ്റുകളും വിധിയെഴുതുന്നത്.
ഇറക്കുമതി തീരുവയില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് 90 ദിവസത്തെ സാവകാശം നല്‍കുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം വ്യാപകമായി പരന്നിരുന്നു. ചില മാധ്യമങ്ങളും ഇതേറ്റെടുത്തതോടെ യു.എസ് ഓഹരി വിപണികള്‍ നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് കയറി. അധികം വൈകാതെ വൈറ്റ് ഹൗസില്‍ നിന്നും വ്യക്തതയെത്തി. അങ്ങനെയൊരു തീരുമാനം യു.എസ് എടുത്തിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. നേട്ടത്തിലേക്ക് കയറിയ വിപണി വീണ്ടും നഷ്ടത്തിലേക്ക് വഴി മാറി. യു.എസിലെ പ്രധാന സൂചികകളെല്ലാം തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine