യു.എസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിന്റെ അലയൊലികള്‍ ചൈനയില്‍ ദൃശ്യമായി തുടങ്ങി. ട്രംപിന്റെ താരിഫ് യുദ്ധത്തിന് അതേ രീതിയില്‍ ബീജിംഗില്‍ നിന്ന് തിരിച്ചടി ഉണ്ടായെങ്കിലും അന്തിമമായി നഷ്ടം ചൈനയ്ക്ക് തന്നെയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
കയറ്റുമതി ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ചൈനീസ് ഫാക്ടറികള്‍ പലതിലും ശമ്പള പ്രതിസന്ധിയും തൊഴിലാളികളുടെ പിരിച്ചുവിടലും വ്യാപാകമായെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചൈനയിലെ വിവിധ പ്രവിശ്യകളില്‍ ശമ്പളം വൈകിയതോടെ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താരിഫ് ഉയര്‍ത്തിയത് മൂലം കയറ്റുമതി താളംതെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കയറ്റുമതിയിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടത്ര ഓര്‍ഡറുകള്‍ ലഭിക്കാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
ഹുവാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശമ്പളം വൈകുന്നതും പിരിച്ചുവിടല്‍ വര്‍ധിച്ചതുമാണ് തൊഴിലാളികളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചത്.
സിച്ചുവാനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മാണ കമ്പനിയില്‍ ജനുവരിക്ക് ശേഷം കൃത്യമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞതായി റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 മുതല്‍ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു.
ചൈനയിലെ പ്രധാന തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. സിജിയാംഗ് പ്രവിശ്യയിലെ നിംഗ്‌ബോ ഷുസാന്‍ തുറമുഖം ചൈനയുടെ കയറ്റുമതിയുടെ പ്രധാന ഹബ്ബുകളിലൊന്നാണ്. ഈ പ്രദേശത്ത് മാത്രം 90,000ത്തോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്. മിക്കതും യു.എസ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയാണ് വരുമാനം ഉണ്ടാക്കുന്നത്.
മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ ആദ്യ മൂന്നാഴ്ച്ച ചരക്കുനീക്കത്തില്‍ 12-13 ശതമാനം കുറവുണ്ടായെന്ന് കോസ്‌കോ എന്ന ചൈനീസ് ഷിപ്പിംഗ് കമ്പനി വെളിപ്പെടുത്തുന്നു. ഏപ്രില്‍ അവസാനത്തെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ചരക്കുനീക്കത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് നിഗമനം.
യു.എസിലേക്കുള്ള കയറ്റുമതി ഇടിയുന്നത് ചൈനയിലെ ഫാക്ടറികളെയും തൊഴില്‍ മേഖലയെയും വലിയ തോതില്‍ ബാധിക്കും. വിവിധ മേഖലകളിലായി 16 മില്യണ്‍ ചൈനീസ് തൊഴിലാളികളെ ട്രംപിന്റെ താരിഫ് യുദ്ധം ബാധിക്കുമെന്നാണ് അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയും.
യു.എസ് വിപണിയെ നഷ്ടപ്പെട്ടാലും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശ്രദ്ധിച്ചു പിടിച്ചു നില്‍ക്കാമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് അത്ര പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.
ചൈനീസ് ഉത്പന്നങ്ങളുടെ മലവെള്ളപ്പാച്ചിലിനെതിരേ യു.എസിന് മാത്രമല്ല എതിര്‍പ്പ്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടക്കം ഒട്ടുമിക്ക രാജ്യങ്ങളും ചൈനയോട് അത്ര താല്പര്യമില്ല. ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് വിവിധ രാജ്യങ്ങളുടെ ശ്രമം. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഉത്പാദനം പൂര്‍ണമായും ചൈനയ്ക്ക് വെളിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കൃത്യമായ സൂചനയാണ്. താരിഫ് യുദ്ധത്തില്‍ ഇളവ് വന്നാലും പുതിയ കമ്പനികള്‍ ചൈനയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഇനി രണ്ടുവട്ടം ആലോചിച്ചേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine