Canva
News & Views

വ്യാപാര യുദ്ധം മുറുകി; ട്രംപിന് ചൈനയുടെ തിരിച്ചടി, ഇറക്കുമതിക്ക് 15 ശതമാനം വരെ ചുങ്കം

കോഴി, ബീഫ്, പന്നി മാംസം, പച്ചക്കറി, പഴം എന്നിവക്കെല്ലാം വില കൂടും

Dhanam News Desk

ചുങ്കം ചുമത്താവുന്നത് അമേരിക്കക്കു മാത്രമല്ലെന്ന മസില്‍പെരുക്കം കാട്ടി ചൈന. ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര യുദ്ധത്തിന് ആക്കം കൂട്ടി ചൈനയുടെ പ്രഖ്യാപനം. അമേരിക്കയില്‍ നിന്നുള്ള വിവിധയിനം ഇറക്കുമതി ഇനങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ ചുങ്കം വര്‍ധിപ്പിക്കുകയാണെന്ന് ചൈന പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് പ്രാബല്യത്തില്‍ വരും.

ചൈന ചുങ്കം കൂട്ടിയ ഇനങ്ങള്‍

അമേരിക്കയില്‍ വളര്‍ത്തിയ കോഴിയുടെയും പന്നി മാംസം, ബീഫ്, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയുടെയും ഗോതമ്പ്, പരുത്തി, പോപ്‌കോണ്‍, സോയാബീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, ക്ഷീരോല്‍പന്നങ്ങള്‍ എന്നിവയുടെയും ഇറക്കുമതി ചുങ്കം 10 മുതല്‍ 15 ശതമാനം കണ്ടാണ് വര്‍ധിപ്പിച്ചത്. ഇതിനു പുറമെ 15 യു.എസ് കമ്പനികളെ ചൈന 'ആശ്രയിക്കാന്‍ കൊള്ളാത്ത' കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫലത്തില്‍ ഈ കമ്പനികള്‍ക്ക് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് അപ്രഖ്യാപിത വിലക്ക് വീണു. ചൈനയില്‍ പുതിയ നിക്ഷേപത്തിനും അവസരം കിട്ടില്ല. പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇതില്‍ ഭൂരിഭാഗവും. ഈ കമ്പനികളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചൈന സന്ദര്‍ശിക്കാനും കഴിയില്ല. സന്ദര്‍ശന, താമസ അനുവാദം പിന്‍വലിക്കും.

ട്രംപിന്റെ ചുങ്കം പ്രാബല്യത്തില്‍

ചൈന, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് വന്‍ചുങ്കം ചുമത്തിയ പ്രഖ്യാപനം ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് യു.എസ് നടപ്പാക്കിയത്. കാനഡയില്‍ നിന്നും മെക്‌സിക്കോവില്‍ നിന്നുമുള്ള ഇറക്കുമതിക്ക് ചുങ്കം 25 ശതമാനം കണ്ട് വര്‍ധിപ്പിച്ചു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം അധിക ചുങ്കം ഏര്‍പ്പെടുത്തി. അമേരിക്കയുടെ തന്നെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നതാണ് തീരുമാനമെന്ന വികാരം അമേരിക്കയില്‍ നിന്ന് ഉയരുന്നുമുണ്ട്.

ആഗോള സമ്പദ്‌വ്യവസ്ഥ അപകടത്തിലാവുമോ?

ആഗോള സാമ്പത്തിക ഭദ്രതയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് വ്യാപാരയുദ്ധം. ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ചെലവു കൂട്ടുന്നതാണ് ചുങ്കം വര്‍ധിപ്പിക്കുന്ന നടപടി. അത് വിതരണ ശൃംഖലയില്‍ തടസങ്ങള്‍ സൃഷ്ടിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കും. കാനഡ, മെക്‌സിക്കോ എന്നിവക്കു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി ചുങ്കം ഇതിനിടയില്‍ പ്രാബല്യത്തിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT