Image courtesy: Canva
News & Views

ഇന്ത്യയുടെ സോളാര്‍ സ്വപ്നത്തിന് ചൈനയുടെ പൂട്ടോ? പ്രതിസന്ധിയില്‍ കമ്പനികള്‍

സോളാര്‍ നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍

Dhanam News Desk

സോളാര്‍ പാനലുകളുടെയും ബാറ്ററികളുടെയും ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്താനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതികള്‍ക്ക് ചൈനീസ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുന്നു. സോളാര്‍ സെല്ലുകള്‍, വേഫറുകള്‍, ഇന്‍ഗോട്ടുകള്‍ എന്നിവയുടെ നിര്‍മാണത്തിനാവശ്യമായ യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും പ്രധാനമായും ചൈനയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ കയറ്റുമതി ചൈന കര്‍ശനമാക്കിയത് ഇന്ത്യന്‍ കമ്പനികളുടെ വികസന പദ്ധതികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ചൈനയെ മാത്രം ആശ്രയിക്കുന്ന നില ഒഴിവാക്കി ജര്‍മനി, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി സാങ്കേതിക പങ്കാളിത്തം തേടാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കള്‍. സോളാര്‍ നിര്‍മാണ സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്നതില്‍ ഈ വര്‍ഷം പലതവണ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് മാറിചിന്തിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

സോളാര്‍ സാങ്കേതികവിദ്യകള്‍ കയറ്റുമതി ചെയ്യുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ഇടക്കാല വ്യവസ്ഥ ചൈന അടുത്തിടെ കൊണ്ടുവന്നിരുന്നു.

ഉല്‍പാദനശേഷി ഉയരുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണത്തില്‍ ഇന്ത്യ ഇതിനകം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതലാണ് നിലവിലെ മൊഡ്യൂള്‍ ഉല്‍പാദനശേഷി. സോളാര്‍ സെല്‍ നിര്‍മാണശേഷിയും അതിവേഗം വര്‍ധിക്കുകയാണ്. 2026 ഡിസംബറോടെ രാജ്യത്തെ സോളാര്‍ സെല്‍ ഉല്‍പാദനശേഷി 70 ജിഗാവാട്ടായും 2027 മേയ്-ജൂണ്‍ കാലയളവില്‍ 100 ജിഗാവാട്ടിന് മുകളിലായും ഉയരുമെന്നാണ് കേന്ദ്ര നവ-പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍, സോളാര്‍ സെല്ലുകള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളായ പോളിസിലിക്കണ്‍, ഇന്‍ഗോട്ട്, വേഫര്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പാദനം ഇപ്പോഴും പരിമിതമാണ്. ഈ മേഖലകളില്‍ ഉല്‍പാദനം വികസിപ്പിക്കാനാണ് കമ്പനികളുടെ അടുത്ത ശ്രമം. അതിനാവശ്യമായ സാങ്കേതികവിദ്യയ്ക്കും യന്ത്രങ്ങള്‍ക്കും ചൈനയെ ആശ്രയിക്കേണ്ടിവരുന്നതാണ് പ്രധാന തടസം.

ബദല്‍ രാജ്യങ്ങളെ തേടി കമ്പനികള്‍

ചൈനീസ് വിതരണത്തിലെ അനിശ്ചിതത്വം മറികടക്കാന്‍ ജര്‍മനി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി സഹകരണത്തിന് ശ്രമിക്കുകയാണെന്ന് നാഷണല്‍ സോളാര്‍ എനര്‍ജി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (NSEFI) സിഇഒ സുബ്രഹ്‌മണ്യം പുലിപാക പറഞ്ഞു. എന്നാല്‍, ഈ രാജ്യങ്ങളിലെ ചില കമ്പനികളും ഉപകരണങ്ങളുടെ നിര്‍മാണത്തിന് ചൈനയെ ആശ്രയിക്കുന്നതിനാല്‍ ബദല്‍ സാധ്യതകള്‍ പരിമിതമാണ്.

സോളാര്‍ നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT