ചൈനീസ് നഗരമായ വുഹാനില്‍ നിന്നാരംഭിച്ച പുതിയ കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടന നടപടികളാരംഭിച്ചു. എല്ലാ രാജ്യങ്ങളും മുന്‍ കരുതലെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അഭ്യര്‍ത്ഥിച്ചു. ഏഷ്യ-പസഫിക്ക് രാജ്യങ്ങളിലാണ് കൂടുതല്‍ ജാഗ്രത ആവശ്യമായുള്ളത്.
ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്‌ലന്‍ഡ്, തായ്വാന്‍, മക്കാവു, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തി.
അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന 30 വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കി.
അജ്ഞാത വൈറസ് സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍ നിന്നും ജനുവരി 15നാണ് ഇയാള്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് മാദ്ധ്യമങ്ങളിലൂടെ വൈറസ് ബാധയുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗ അധികൃതര്‍ അറിയിച്ചു.
ചൈനയില്‍ വൈറസ് ബാധയില്‍ നിലവില്‍ ഒമ്പത് പേരാണ് മരിച്ചത്. രോഗ ബാധ സ്ഥിരീകരിച്ച മുന്നൂറിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. നിലവില്‍ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.
2002-03 ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് ഏഷ്യയെ നടുക്കിയ സാര്‍സ് ബാധയുടെ തലത്തിലേക്ക് ഇപ്പോഴത്തെ വൈറസ് ബാധ തീവ്രമാകുന്ന പ്രശ്‌നമില്ലെന്ന് അധികൃതര്‍ ഉറപ്പു നല്‍കുന്നു. എങ്കിലും വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ അവതരിപ്പിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine