News & Views

ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും കടക്കാന്‍ ആന്റാ ഷൂസ്; അഡിഡാസിനും പ്യുമയ്ക്കും വെല്ലുവിളിയായേക്കും

ശരാശരി 8,000 രൂപ വിലവരുന്ന ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം

Dhanam News Desk

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചൈനീസ് ബ്രാന്‍ഡായ ആന്റാ സ്‌പോര്‍ട്‌സ് വീണ്ടും ഇന്ത്യന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ മാര്‍ക്കറ്റിലേക്ക് കടക്കുന്നു. ബ്രാന്‍ഡ്മാന്‍ റീട്ടെയ്ല്‍ പങ്കാളിത്തത്തോടെ ഗുരുഗ്രാമില്‍ ആദ്യ സ്റ്റോര്‍ തുറക്കുകയും 2027ഓടെ പത്ത് സ്റ്റോറുകളായി വളരുകയും ചെയ്യും. 70,000-90,000 കോടി രൂപ വിലമതിക്കുന്ന വേഗത്തില്‍ വളരുന്ന വിപണിയില്‍ സെമി പ്രീമിയം വിഭാഗം ലക്ഷ്യമിട്ട് അഡിഡാസിനും പ്യൂമയ്ക്കും ശക്തമായ മത്സരം സൃഷ്ടിക്കാനാണ് നീക്കം.

ആഗോള തലത്തില്‍ വലിയ സാന്നിധ്യമുള്ള ചൈനീസ് സ്‌പോര്‍ട്‌സ് ഫുട്ട്‌വെയര്‍ ബ്രാന്‍ഡായ ആന്റാ സ്‌പോര്‍ട്‌സ് (Anta Sports) ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുന്നു. 2020ല്‍ ഇന്ത്യയില്‍ കമ്പനി സ്റ്റോര്‍ തുറന്നിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഇത് അടച്ചുപൂട്ടുകയായിരുന്നു.

ആന്റാ സ്‌പോര്‍ട്‌സിന്റെ രണ്ടാംവരവ് ബ്രാന്‍ഡ്മാന്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ പങ്കാളി എന്നനിലയിലാണ്. ഗുരുഗ്രാമില്‍ ആദ്യത്തെ ഷോറും അടുത്തമാസം തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2027 മാര്‍ച്ചോടെ രാജ്യത്ത് പത്ത് സ്റ്റോറുകള്‍ തുറക്കാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ബ്രാന്‍ഡ്മാന്‍ റീട്ടെയ്ല്‍ ഡയറക്ടര്‍ കാഷിക മല്‍ഹോത്ര വ്യക്തമാക്കി.

ലക്ഷ്യം സെമി പ്രീമിയം വിപണി

ശരാശരി 8,000 രൂപ വിലവരുന്ന ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യന്‍ വിപണിയിലെ വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് കമ്പനി അഞ്ചുവര്‍ഷത്തിനുശേഷം തിരികെ എത്തുന്നത്.

അടുത്ത കാലത്ത് ജര്‍മന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയുടെ 29 ശതമാനം ഓഹരികള്‍ ആന്റ സ്‌പോര്‍ട്‌സ് വാങ്ങിയിരുന്നു. ഏകദേശം 1.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമകള്‍ ഇപ്പോള്‍ ആന്റാ സ്‌പോര്‍ട്‌സ് ആണ്. ആഗോള വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഈ നീക്കത്തോടെ കമ്പനിക്ക് സാധിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷത്തിനുശേഷം അടുത്തകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടിരുന്നു. ഡല്‍ഹിക്കും ബീജിംഗിനും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചതും ചൈനീസ് കമ്പനികള്‍ക്ക് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്കിയതും ബന്ധം മെച്ചപ്പെടാന്‍ ഇടയാക്കി.

ഇന്ത്യയിലെ സ്‌പോര്‍ട്‌സ്‌വെയര്‍ മാര്‍ക്കറ്റ് ഏകദേശം 70,000-90,000 കോടി വരെയാണ്. ഓരോ വര്‍ഷവും 10-15 ശതമാനം വളര്‍ച്ച നേടാനും സാധിക്കുന്നു. ഫിറ്റ്‌നസ് അവബോധം വര്‍ധിച്ചതും യുവജനതയുടെ വര്‍ധനയും ഇ-കൊമേഴ്‌സ് വളര്‍ച്ചയും വിപണിക്ക് കരുത്താകുന്നു. നൈക്കി, അഡിഡാസ്, പ്യൂമ, റീബോക്ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT