News & Views

വില്പനയും വരുമാനവും ഇടിഞ്ഞു, പ്യൂമയെ കൈവിടാന്‍ ഉടമകള്‍; സ്വന്തമാക്കാന്‍ ചൈനീസ് സ്‌പോര്‍ട്‌സ് വമ്പന്മാര്‍ രംഗത്ത്

ഈ വര്‍ഷം തുടക്കത്തിലെ വിലയില്‍ നിന്ന് പ്യൂമ ഓഹരിവില പകുതിയായി കുറഞ്ഞു. വര്‍ധിച്ചു വരുന്ന കടുത്ത മത്സരവും വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും പ്യൂമയ്ക്ക് തിരിച്ചടിയായിരുന്നു.

Dhanam News Desk

ജര്‍മന്‍ സ്‌പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയെ ഏറ്റെടുക്കാന്‍ ചൈനീസ് സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ ആന്റാ സ്‌പോര്‍ട്‌സ്. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ പാദത്തില്‍ ഉള്‍പ്പെടെ സമീപകാലത്ത് വലിയ തിരിച്ചടികളാണ് പ്യൂമയ്ക്ക് നേരിടേണ്ടി വന്നത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ജര്‍മന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പ്യൂമ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു.

1948ല്‍ സ്ഥാപിതമായ പ്യൂമയെ ഏറ്റെടുക്കാന്‍ ആന്റാ സ്‌പോര്‍ട്‌സിനെ കൂടാതെ മറ്റ് ചില കമ്പനികളും ശ്രമം നടത്തുന്നുണ്ട്. ചൈനയില്‍ നിന്നു തന്നെയുള്ള പ്രമുഖ സ്‌പോര്‍ട്‌സ് ഉത്പന്ന നിര്‍മാതാക്കളായ ലീ നിംഗ്, ജപ്പാനിസ് സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനി ASICS എന്നിവരും പ്യൂമയില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചൈനീസ് കമ്പനികളുടെ വരവ്

ചെലവ് ചുരുക്കലിന്റെ പാതയിലൂടെ കമ്പനി മുന്നോട്ടു പോകുമെന്നാണ് പ്യൂമയുടെ പുതിയ സിഇഒ ആര്‍തര്‍ ഹോള്‍ഡ് ഒക്ടോബറില്‍ പറഞ്ഞത്. ബ്രാന്‍ഡ് ഡിസ്‌കൗണ്ട് കുറയ്ക്കുകയും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുകയും ഉത്പന്ന ശ്രേണി വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിമാന്‍ഡ് കുറയുകയും ഇറക്കുമതിക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയതും ബിസിനസിനെ ബാധിച്ചതിനെത്തുടര്‍ന്ന് 900ത്തോളം ജീവനക്കാരെ ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം തുടക്കത്തിലെ വിലയില്‍ നിന്ന് പ്യൂമ ഓഹരിവില പകുതിയായി കുറഞ്ഞു. വര്‍ധിച്ചു വരുന്ന കടുത്ത മത്സരവും വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും പ്യൂമയ്ക്ക് തിരിച്ചടിയായിരുന്നു.

പ്യൂമയെ സ്വന്തമാക്കാന്‍ മുന്‍നിരയിലുള്ള ആന്റാ സ്‌പോര്‍ട്‌സും ലീ നിംഗും ഹോംഗ്‌കോംഗ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളാണ്. ആന്റാ സ്വന്തം നിലയില്‍ പ്യൂമയെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. പ്യൂമയുടെ മൂല്യം കണക്കാക്കാന്‍ അവര്‍ ഏജന്‍സിയെ ഏല്പിച്ചുവെന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. അതേസമയം, ലീനിംഗ് ബാങ്കുകളുടെ സഹായത്തോടെ പ്യൂമയുമായുള്ള ഇടപാട് പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നത്. മത്സരത്തില്‍ ആന്റാ സ്‌പോര്‍ട്‌സ് ആണ് ഒരുപടി മുന്നിലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പ്യൂമയ്ക്ക് മോശം വര്‍ഷം

ഈ വര്‍ഷം തുടക്കത്തെ വിലയില്‍ നിന്ന് പ്യൂമ ഓഹരികള്‍ക്ക് 56 ശതമാനം ഇടിവാണ് നേരിടേണ്ടിവന്നത്. ഒപ്പത്തിനൊപ്പം വളര്‍ന്ന മുഖ്യ എതിരാളി അഡിഡാസില്‍ നിന്നും മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും പ്യൂമ കടുത്ത മത്സരമാണ് നേരിടുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഓണ്‍ (On), ഫ്രാന്‍സില്‍ തുടങ്ങി പിന്നീട് കാലിഫോര്‍ണിയയിലേക്ക് മാറിയ ഹോക്ക (Hoka) തുടങ്ങിയ ബ്രാന്‍ഡുകള്‍ കൂടുതല്‍ ജനപ്രിയമായി മാറിയതും പ്യൂമയ്ക്ക് തിരിച്ചടിയായി. വില്പന വലിയ തോതില്‍ ഇടിഞ്ഞതോടെ ഏപ്രിലില്‍ അന്നത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കി അഡിഡാസില്‍ സെയില്‍സ് ചീഫ് ആയിരുന്ന അര്‍തര്‍ ഹോയല്‍ഡിനെ പ്രതിഷ്ഠിച്ചിരുന്നു.

Chinese sports giants eye acquisition of struggling German brand Puma amid sharp revenue drop

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT