അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത വാഹന (ഇവി) കാറായ ടെസ്‌ലയ്ക്ക് ആഗോള വിപണിയില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ചരിത്രത്തില്‍ ആദ്യമായി വില്പനയില്‍ ചൈനീസ് കമ്പനിയായ ബിവൈഡിക്ക് (BYD) പിന്നില്‍ രണ്ടാംസ്ഥാനക്കാരാകേണ്ടി വന്നു ടെസ്‌ലയ്ക്ക്.
ബിവൈഡിയുടെ കുതിപ്പിനെക്കാള്‍ ടെസ്‌ലയെ പിന്നോട്ടടിച്ചത് അവരുടെ വില്പന കുറഞ്ഞതാണ്. 2025ല്‍ വില്പനയില്‍ 9 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ വിറ്റ ഇവികളുടെ എണ്ണം 16.4 ലക്ഷം ആണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ വിറ്റ വാഹനങ്ങളുടെ കണക്കാണിത്. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയിലേക്ക് മസ്‌കിന്റെ കമ്പനിയെത്തിയ വര്‍ഷം കൂടിയായിരുന്നു 2025.
ബിവൈഡിക്ക് ആകട്ടെ 2025 വഴിത്തിരിവായും മാറി. വില്പനയിലെ വര്‍ധന 28 ശതമാനം വരും. ആകെ 22.5 ലക്ഷം വാഹനങ്ങളാണ് അവര്‍ ലോകവ്യാപകമായി വിറ്റത്. ടെസ്‌ലയെ അപേക്ഷിച്ച് വില കുറവാണെന്നത് ചൈനീസ് കമ്പനിക്ക് അനുകൂലമായി. പ്രീമിയം ഉപയോക്താക്കള്‍ മാത്രം ടെസ്ല കാറുകളിലേക്ക് തിരിയുമ്പോള്‍ എല്ലാത്തരം വാഹനപ്രേമികളെയും ആകര്‍ഷിക്കാന്‍ ബിവൈഡിക്ക് സാധിക്കുന്നു.
മസ്‌കിന് കൂടുതല്‍ തലവേദനയാകുന്നതാണ് അവസാന മൂന്നു മാസത്തെ വില്പന കണക്കുകള്‍. 2025ലെ അവസാന മൂന്നു മാസങ്ങളിലെ വില്പനയിലുള്ള കുറവ് 16 ശതമാനമാണ്. 2026ല്‍ ടെസ്‌ലയുടെ വില്പന കുറയുമെന്നാണ് വാള്‍സ്ട്രീറ്റ് അനലിസ്റ്റുകളുടെ നിഗമനം.
ചൈനീസ് കമ്പനികളായ ഗിലി, എംജി, ബിവൈഡി എന്നിവയുടെ കടന്നുകയറ്റം തടയാന്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ടെസ്ല വിലകുറഞ്ഞ മോഡലുകളും വിപണിയിലിറക്കിയിരുന്നു. എങ്കില്‍ പോലും വില്പനയില്‍ ഓളം സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല.
യൂറോപ്പില്‍ വില്പന കുറയുമെന്ന സൂചന ലഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലേക്ക് മസ്‌ക് വേഗത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine