News & Views

ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക്, മരണനിരക്ക് കുത്തനെ കൂടുന്നു! ചൈന വല്ലാത്ത ട്രാപ്പില്‍

2024ല്‍ ചൈനയില്‍ ജനിച്ചത് 95.4 ലക്ഷം കുട്ടികള്‍. 2025ലിത് 79.2 ലക്ഷം കുട്ടികളായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം മരിച്ചത് 113 ലക്ഷം പേരാണ്.

Dhanam News Desk

ജനസംഖ്യപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന ചൈനയ്ക്ക് ആശങ്കയായി 2025ലെ കണക്കുകള്‍. ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം 79.2 ലക്ഷമാണ്. 2024നേക്കാള്‍ 17 ശതമാനത്തിന്റെ കുറവ്. ഈ കാലയളവില്‍ മരിച്ചവരുടെ എണ്ണം 113 ലക്ഷവും.

വിവാഹവും മാതാപിതാക്കളാകുന്നതും വലിയ താല്പര്യമില്ലാത്ത നിലയിലേക്ക് ചൈനീസ് യുവജനത മാറിയിരിക്കുന്നു. 2025ലെ ജനനനിരക്ക് 1949ലെ നിലയിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് ജനസംഖ്യയില്‍ 34 ലക്ഷത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മരിക്കുന്നവരുടെ എണ്ണം കൂടുകയും ജനനം കുറയുകയും ചെയ്തതാണ് കാരണം.

മരണങ്ങള്‍ കൂടുന്നു

2024ല്‍ ചൈനയില്‍ ജനിച്ചത് 95.4 ലക്ഷം കുട്ടികള്‍. 2025ലിത് 79.2 ലക്ഷം കുട്ടികളായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം മരിച്ചത് 113 ലക്ഷം പേരാണ്. 2024ലിത് 109 ലക്ഷമായിരുന്നു. ഉപഭോഗം കുറയുന്നതിനും ആളുകളുടെ വാങ്ങല്‍ശേഷി ഇടിയുകയും ചെയ്യുമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ചൈനയ്ക്ക് അത്ര നന്നല്ല കാര്യങ്ങള്‍.

ഓരോവര്‍ഷം ചെല്ലുന്തോറും പ്രായമായവര്‍ ചൈനയില്‍ ഭൂരിപക്ഷമാകുകയാണ്. ഇങ്ങനെ പോയാല്‍ പണിയെടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം ചൈനയില്‍ തീര്‍ത്തും കുറയും. സാമ്പത്തികരംഗത്ത് മുന്നേറുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയാകുമിത്. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നതിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്കുന്നുണ്ട്.

സമ്പദ്‌രംഗത്ത് തിരിച്ചടിയാകും

സാമ്പത്തികരംഗത്ത് മുന്‍നിരയില്‍ അജയ്യരാകുകയാണ് ചൈനയുടെ സ്വപ്നം. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ ജനസംഖ്യയിലെ ബാലന്‍സ് നഷ്ടപ്പെടുന്നത് അവരുടെ സ്വപ്‌നങ്ങളെ ബാധിക്കും. കുറഞ്ഞ ചെലവില്‍ ഉത്പാദനം നടത്താമെന്നതാണ് ചൈനയുടെ പ്ലസ് പോയിന്റ്.

തൊഴിലെടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നത് മെയ്ഡ് ഇന്‍ ചൈന നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കും. വാണിജ്യ രംഗത്ത് എല്ലാംകൊണ്ടും ചൈനയുടെ എതിരാളികളായ ഇന്ത്യയ്ക്ക് മുന്നില്‍ മത്സരിക്കാനുള്ള ശക്തി കൂടിയാണ് ഇല്ലാതാകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT