ലോക വ്യാപാര സംഘടനയില്‍ ചൈന അംഗമായതിനു ശേഷം ഇന്ത്യയ്ക്ക് റബര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ക്ഷീണം. കയറ്റുമതിയേക്കാള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതോടെ വ്യാപാര സംന്തുലിതാവസ്ഥയില്‍ അസ്ഥിരതയുണ്ടായതായി റബര്‍ ബോര്‍ഡിന് കീഴിലുള്ള റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
1996 മുതല്‍ 2022-23 സാമ്പത്തികവര്‍ഷം വരെയുള്ള കാലയളവിലെ ഇന്ത്യയുടെ ഉത്പന്നങ്ങളുടെ വിദേശ വ്യാപാര പ്രവണതകള്‍ വിശകലനം ചെയ്തുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോക വ്യാപാര സംഘടനയിലേക്ക് ചൈന എത്തിയ 2001നു ശേഷം ഇന്ത്യന്‍ റബര്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ സ്വാധീനം കുറഞ്ഞിട്ടുണ്ട്. അതേസമയം, റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി 11.9 ശതമാനത്തില്‍ നിന്ന് 13.4 ശതമാനമായി വളര്‍ന്നു.
ലോക വ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ വരവാണ് ഇന്ത്യയുടെ റബര്‍ മേഖലയ്ക്ക് തിരിച്ചടിയായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതി കാര്യമായി ഉയരുകയും അതേസമയം കയറ്റുമതി പരിമിതപ്പെടുകയും ചെയ്തതോടെ വ്യാപാര സംന്തുലിതാവസ്ഥ താളംതെറ്റി.
ഇന്ത്യയിലേക്കുള്ള റബര്‍ ഇറക്കുമതിയില്‍ ചൈനയുടെ പങ്ക് 1999-2000 കാലഘട്ടത്തില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. എന്നാലിത് 2023-24 ആയപ്പോഴേക്കും 11.4 ശതമാനമായി ഉയര്‍ന്നു. 2.3 മില്യണ്‍ ഡോളറില്‍ നിന്ന് 448.2 മില്യണ്‍ ഡോളറിലേക്ക് കുതിപ്പ്.
ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പന്ന കയറ്റുമതിക്കാരായ ചൈന ഇന്ത്യയിലേക്കുള്ള കയറ്റുമതി വിഹിതത്തില്‍ അഞ്ചാംസ്ഥാനത്താണ്. 24 ശതമാനത്തിലധികമാണ് വാര്‍ഷിക വളര്‍ച്ച.
2023ല്‍ ചൈനയുടെ ആകെ റബര്‍ അധിഷ്ടിത ഉത്പന്ന കയറ്റുമതി 33.65 ബില്യണ്‍ ഡോളറിന്റേതാണ്. ആഗോള കയറ്റുമതിയുടെ 16 ശതമാനം വരുമിത്. ഇന്ത്യയുടേതാകട്ടെ വെറും 4.4 ബില്യണ്‍ ഡോളറും. 2.1 ശതമാനത്തില്‍ താഴെ.
മൊത്തം റബര്‍ ഉപഭോഗത്തില്‍ ഇറക്കുമതി 14.37 ശതമാനമായിരുന്നു 1996-97 കാലഘട്ടത്തില്‍. ഇത് 2022-23 സാമ്പത്തികവര്‍ഷമായപ്പോള്‍ 38.41 ശതമാനമായി വര്‍ധിച്ചു. സിന്തറ്റിക് റബര്‍ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതും ഇറക്കുമതി വര്‍ധിക്കാന്‍ ഇടയാക്കി.
റബര്‍ മേഖലയ്ക്കായി ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍ മുതല്‍ മൂല്യവര്‍ധിത നിര്‍മാതാക്കള്‍ വരെയുള്ള എല്ലാ ഘടക വിഭാഗങ്ങളെയും കുറിച്ചുള്ള വിശ്വസനീയമായ ഒരു ഡാറ്റാബേസ് തയാറാക്കാന്‍ പഠന റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine